കിയയുടെ തുറുപ്പുചീട്ട്, തലമുറ മാറ്റത്തിനൊരുങ്ങി സെല്‍റ്റോസ് എസ്‌യുവി; ആഗോള അവതരണം ഡിസംബറില്‍

Representational Image | Photo: Kia US
Representational Image | Photo: Kia US

ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമായ കിയ സെല്‍റ്റോസ് തലമുറ മാറ്റത്തിനൊരുങ്ങുന്നു. പുതുതലമുറ സെല്‍റ്റോസിന്റെ ആഗോള അവതരണം ഡിസംബര്‍ പത്തിന് ദക്ഷിണ കൊറിയയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019-ല്‍ ഇന്ത്യയില്‍ എത്തിയ കിയ സെല്‍റ്റോസ് ഇതുവരെ തലമുറ മാറ്റത്തിന് വിധേയമായിട്ടില്ല. ഇന്ത്യയില്‍ സെല്‍റ്റോസിന്റെ രണ്ടാം തലമുറ മോഡലായിരിക്കും പുറത്തിറങ്ങാനൊരുങ്ങുന്ന മോഡല്‍.

എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വലിയ അഴിച്ചുപണികളാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടാകും. എന്നാല്‍, മെക്കാനിക്കല്‍ ഫീച്ചറുകളില്‍ വലിയ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. 2026 സെപ്റ്റംബര്‍ മാസത്തോടെയായിരിക്കും പുതുതലമുറ സെല്‍റ്റോസ് ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിക്കുക. നിലവിലെ മോഡലിനെക്കാള്‍ വലിയ വാഹനമായായിരിക്കും പുതിയ സെല്‍റ്റോസ് എത്തുക.

പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളും കണ്‍സെപ്റ്റ് മോഡലുകളും അനുസരിച്ച് ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് പുതിയ സെല്‍റ്റോസിന്റേത്. ക്വാഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, വെര്‍ട്ടിക്കിള്‍ സ്ലാറ്റുകളായി നല്‍കിയിട്ടുള്ള ഗ്രില്ല്, ബോണറ്റില്‍ നിന്ന് ബമ്പറിലേക്ക് നീളുന്ന എല്‍ഇഡി ഡിആര്‍എല്‍, വലിയ എയര്‍ ഡാം, ത്രീകോണാകൃതിയില്‍ ഒരുക്കിയിട്ടുള്ള ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്‍ഭാഗത്തുള്ളത്. ഡ്യുവല്‍ ടോണ്‍ റിയര്‍വ്യൂ മിറര്‍, പുതിയ അലോയി വീല്‍, ഫ്‌ളെഷ് ഡോര്‍ ഹാന്‍ഡില്‍ എന്നിവയും ഡിസൈന്‍ മാറ്റങ്ങളാണ്.

വാഹനത്തിന്റെ വലിപ്പം കൂടുന്നതിന്റെ ഗുണം കൂടുതല്‍ ലഭിക്കുന്നത് അകത്തളത്തിലാണ്. ഉയര്‍ന്ന ക്യാബിന്‍ സ്‌പേസ് പുതിയ സെല്‍റ്റോസില്‍ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമയുള്ള ഡാഷ്‌ബോര്‍ഡ്, അഡ്വാന്‍സ്ഡ് സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മികച്ച ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതുമയുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, മികച്ച സീറ്റുകള്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തിലും ഒരുങ്ങും.

115 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 160 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 116 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് നിലവില്‍ സെല്‍റ്റോസില്‍ നല്‍കിയിട്ടുള്ള എന്‍ജിന്‍ ഓപ്ഷനുകള്‍. എന്നാല്‍, പുതുതലമുറ മോഡലില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 

Content Highlights: The next-gen Kia Seltos is ready for its global debut on December 10th. Get ready for a futuristic design and enhanced features. Learn more!