സൂപ്പര്‍ ഹിറ്റായി കടുവ; വോള്‍വോ XC60 സ്വന്തമാക്കി തിരക്കഥാകൃത്ത് ജിനു എം. എബ്രഹാം

പാന്‍ ഇന്ത്യന്‍ സിനിമയായെത്തി ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടിയ സിനിമയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി ഒരുങ്ങിയ കടുവ എന്ന സിനിമ. കടുവ സൂപ്പര്‍ ഹിറ്റായതിന്റെ ആഘോഷങ്ങള്‍ക്ക് പിന്നാലെ തന്റെ യാത്രകള്‍ക്കായി വോള്‍വോയുടെ എക്‌സ്.സി 60 എന്ന ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എം. എബ്രഹാം. 66 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ള കടുവ 50 കോടി ക്ലബ്ബില്‍ ഇതിനോടകം സ്ഥാനം പിടിച്ച് കഴിഞ്ഞു. പൃഥ്വിരാജിന്റെ ചിത്രമായ ആദം ജോണിന്റെ സംവിധായകനായ ജിനു ലണ്ടന്‍ ബ്രിഡ്ജ്, മാസ്‌റ്റേഴ്‌സ്, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ്.
സുരക്ഷ സംവിധാനങ്ങളാണ് വോള്‍വോ വാഹനങ്ങളുടെ ഏറ്റവും പ്രധാന ആകര്‍ഷണം. വോള്‍വോയുടെ വാഹന നിരയില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ് XC60 എസ്.യു.വി. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറമെ, റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ വിപണിയില്‍ എത്തിയിട്ടുള്ളത്.
ഡിസൈനിലും ഏറെ മികവോടെയാണ് വോള്‍വോ XC60 എത്തിയിട്ടുള്ളത്. വോള്‍വോയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, ഹെഡ്ലൈറ്റിന് മധ്യത്തിലൂടെ നല്‍കിയിട്ടുള്ള ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ബമ്പര്‍ ലോവര്‍ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്. വാഹനത്തിന്റെ അകത്തളവും സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടെ സമ്പന്നമാണ്.
മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 250 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്.
Content Highlights: Kaduva film screenplay writer Jinu Abraham Buys Volvo XC60 Luxury Car