ഹൈബ്രിഡ് ക്രെറ്റ വരുന്നു; മൂന്നാം തലമുറക്കാരൻ ചില്ലറക്കാരനല്ല, എതിരാളികൾ പാടുപെടും!

Representational image | Photo: hyundai.com
Representational image | Photo: hyundai.com

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായ് ക്രെറ്റ. മൂന്നാം തലമുറ ഹ്യുണ്ടായ് ക്രെറ്റയുടെ പണിപ്പുരയിലാണ് നിലവിൽ ഈ ദക്ഷിണ കൊറിയൻ വാഹന ഭീമൻ. വരാനിരിക്കുന്ന മോഡലിൽ ഹൈബ്രിഡ് സംവിധാനം കമ്പനി നൽകുമെന്നാണ് ഓട്ടോകാർ ഇന്ത്യ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

ജനപ്രിയ എസ്‌യുവിക്ക് രണ്ട് പെട്രോൾ, ഒരു ഡീസൽ, ഒരു പെട്രോൾ-ഹൈബ്രിഡ് എൻജിൻ എന്നിവ ലഭ്യമാക്കുമെന്നാണ് വിവരം. നിലവിൽ ക്രെറ്റയിൽ നൽകുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഹ്യുണ്ടായ് നിലനിർത്തും. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണിത്. 

സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ഇതേ 1.5 ലിറ്റർ പെട്രോൾ ഓപ്ഷൻ രണ്ടാം തലമുറ കിയ സെൽറ്റോസിലും കമ്പനി നൽകിയേക്കും. ഇത് ദീർഘകാലമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്. 2026ൽ പെട്രോൾ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ രണ്ടാം തലമുറ സെൽറ്റോസ് കിയ ഇന്ത്യയിൽ പുറത്തിറക്കിയേക്കും. SX3 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന മൂന്നാം തലമുറ ക്രെറ്റ 2027-ൽ ആയിരിക്കും അരങ്ങേറ്റം കുറിക്കുക. 

പെട്രോൾ, ഡീസൽ പതിപ്പിനൊപ്പം ക്രെറ്റയുടെ ഇലക്ട്രിക് മോഡൽ വിൽപന തുടരും. 2027-ൽ ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ഇവിക്ക് ലഭിക്കാനുണ്ട്. പുതുക്കിയ വലിയ ബാറ്ററി പാക്കും കൂടുതൽ റേഞ്ചും നൽകാനും സാധ്യതയുമുണ്ട്.
 

Content Highlights: Hyundai Creta to get hybrid powertrain option