ഇന്ത്യക്കാർ വാങ്ങിക്കൂട്ടുന്ന SUV; ഒന്നാമനായി ക്രെറ്റ, ഇത് എന്ത് മാജിക്കാണ് ഹ്യുണ്ടായ്

കൊച്ചി: ഇന്ത്യയിൽ 2025 ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ മോഡൽ എന്ന നേട്ടം ഹ്യുണ്ടായ് ക്രെറ്റ സ്വന്തമാക്കി. ഒറ്റ മാസംകൊണ്ട് 15,786 യൂണിറ്റുകൾ വിറ്റാണ് ക്രെറ്റ ഈ നേട്ടം സ്വന്തമാക്കിയത്. മേയ് മാസത്തിലെ 14,860 യൂണിറ്റുകളുമായി താരതമ്യം ചെയ്താൽ ഏതാണ്ട് ആറുശതമാനം വളർച്ച.
മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മാരുതി സുസുകി ഡിസയർ (15,484), ബ്രെസ (14,507) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.2025-ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി എന്ന നേട്ടവും ഹ്യുണ്ടായ് ക്രെറ്റയ്ക്കാണ്.
2015-ൽ ആദ്യമായി വിപണിയിൽ ഇറക്കിയതുമുതൽ ക്രെറ്റയ്ക്ക് മികച്ച സ്വീകാര്യതയാണ് ഇന്ത്യൻ വിപണി നൽകുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ മുഴുവൻ സമയ ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ തരുൺ ഗാർഗ് പറഞ്ഞു.
2024 ജനുവരിയിൽ വാഹനത്തിന് നൽകിയ അപ്ഡേഷനും പെർഫോമെൻസ് അടിസ്ഥാനപ്പെടുത്തി മാർച്ചിൽ എത്തിയ എൻ ലൈൻ മോഡലും ക്രെറ്റയുടെ ജനപ്രീതി വർധിപ്പിച്ചുവെന്ന് പറയാം. ഹ്യുണ്ടായിയുടെ ആഗോള ഡിസൈന്‍ ലാഗ്വേജായ സെന്‍ഷ്യസ് സ്പോര്‍ട്ടിനെസ് അനുസരിച്ചാണ് പുതിയ ക്രെറ്റ ഒരുക്കിയത്.
അതിനാല്‍ തന്നെ ഹ്യുണ്ടായിയുടെ ഇന്റര്‍നാഷണല്‍ മോഡലുകളുമായി ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് ഈ വാഹനത്തിനുള്ളത്. ഫീച്ചറുകളാല്‍ സമ്പന്നമായ ഈ വാഹനത്തില്‍ 70 കണക്ടഡ് ഫീച്ചറുകള്‍ നല്‍കിയാണ് ഹ്യുണ്ടായി സാങ്കേതിക തികവ് തെളിയിച്ചത്. അഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
115 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ, 160 ബി.എച്ച്.പി. പവറുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 115 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എന്നിവയാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷനുകൾ. വൈദ്യുത വാഹന (ഇവി) മോഡലും ഇപ്പോൾ ലഭ്യമാണ്.
Content Highlights: Hyundai CRETA becomes highest selling SUV in June