നിരത്തില്‍ കരുത്ത് തെളിയിക്കാന്‍ ഹോണ്ട ജാസ് പുത്തന്‍ ഭാവത്തില്‍; ബുക്കിങ്ങ് തുടങ്ങി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലും മത്സരം ശക്തമായി തുടങ്ങി. ഇതോടെ പരമ്പരാഗത ശൈലിയെ മാറ്റിനിര്‍ത്തി ഏറെ സ്റ്റൈലിഷായി മത്സരത്തെ നേരിടാനൊരുങ്ങുകയാണ് ഹോണ്ട ജാസും. ഇതിനായി സ്‌പോര്‍ട്ടി ഭാവത്തിലും, ഉയര്‍ന്ന സാങ്കേതികവിദ്യയിലും ആധുനിക ഫീച്ചറുകളുടെയും അകമ്പടിയോടെ പുതിയ ജാസ് നിരത്തുകളിലെത്തുകയാണ്.
ഈ മാസം പകുതിയോടെ ജാസിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്തിയേക്കും. ഇത് സംബന്ധിച്ച സൂചന നല്‍കുന്ന ടീസറുകള്‍ ഹോണ്ട പുറത്തുവിട്ടിരുന്നു. വരവിന് മൂന്നോടിയായി ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചു. ഡീലര്‍ഷിപ്പുകളില്‍ 21,000 രൂപയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഹോണ്ട ഫ്രം ഹോമില്‍ 5000 രൂപയും നല്‍കിയാണ് ബുക്കിങ്ങ്.
ജാസിന്റെ നിരയില്‍ നിന്ന് ഡീസല്‍ മോഡല്‍ നീക്കിയാണ് ഇത്തവണ എത്തുന്നത്. 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളിലാണ് ജാസ് എത്തുക. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണ് എത്തുകയെങ്കിലും കരുത്തിലും പവറിലുമൊന്നും മാറ്റം വരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രോമിയം ആക്‌സെന്റുകള്‍ നല്‍കിയ പുതിയ ബ്ലാക്ക് ഗ്രില്ല്, എന്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഫോഗ് ലാമ്പും, പുതുക്കിപണിത മുന്നിലേയും പിന്നിലേയും ബംമ്പറുകളും എല്‍ഇഡിയില്‍ തന്നെ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പുമാണ് ജാസിന്റെ പുറംവശത്തെ മോടിപിടിപ്പിക്കുന്നത്. ഇലക്ട്രിക് സണ്‍റൂഫ് ജാസിലെ പുതുമയാണ്.
ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ അധികമായി എത്തുന്നുണ്ട്. ഇതിനൊപ്പം മുമ്പുണ്ടായിരുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ജാസില്‍ തുടരും.
Content Highlights: Honda Jazz Facelift Model All Set To Launch
Content Highlights: