പെട്രോള്‍ എന്‍ജിനില്‍ മാത്രമല്ല, ഇലക്ട്രിക് കരുത്തിലും ഏറ്റുമുട്ടാന്‍ ക്രെറ്റയും എലിവേറ്റും

ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം നിലനിന്നിരുന്ന ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ക്രെറ്റയ്ക്ക് ഒത്ത എതിരാളിയായാണ് ഹോണ്ടയുടെ എലിവേറ്റ് എസ്.യു.വി. എത്തിച്ചത്. ഇന്ത്യയിലെ ഹോണ്ടയുടെ ആദ്യ എസ്.യു.വി. മേഡലായി എത്തിയ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും നിര്‍മാതാക്കളുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ക്രെറ്റയുടെ ഇലക്ട്രിക് മോഡല്‍ നിരത്തുകളില്‍ എത്തുന്നത് പരിഗണിച്ചാകണം ഹോണ്ടയുടെ തീരുമാനം.
ക്രെറ്റയുടെ ഇലക്ട്രിക് മോഡല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണയോട്ടം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന.അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ക്രെറ്റ നിരത്തുകളില്‍ എത്തിയേക്കും. എന്നാല്‍, ഇലക്ട്രിക് കരുത്തിലെ എലിവേറ്റിന്റെ വരവ് സംബന്ധിച്ച സൂചനകള്‍ ഒന്നും നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് എലിവേറ്റിനെ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യന്‍ നിരത്തുകളില്‍ അടുത്തിടെ എത്തിയ പുതിയ ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് പതിപ്പും ഒരുങ്ങിയിട്ടുള്ളതെന്നാണ് സൂചന. ഡിസൈനിലും ഐസ് എന്‍ജിന്‍ ക്രെറ്റയെ പിന്തുടരുമെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ വ്യത്യസ്തത വരുത്തുമെന്നാണ് പ്രതീക്ഷ. എല്‍.ജി. കെം വികസിപ്പിക്കുന്ന 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിട്ടില്ല.
ആഗോള നിരത്തുകളില്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള ഗ്ലോബല്‍ സ്‌പെക് കോന ഇലക്ട്രിക്കിന് കരുത്തേകുന്ന മോട്ടോറായിരിക്കും ഹ്യുണ്ടായി ക്രെറ്റയില്‍ നല്‍കുക. വാഹനത്തിന്റെ മുന്നിലെ ആക്‌സിലില്‍ സ്ഥാനം പിടിക്കുന്ന ഈ മോട്ടോര്‍ 138 ബി.എച്ച്.പി. പവറും 255 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കേണ്ടുന്ന ഏതാനും ഫീച്ചറുകളും മറ്റും ഒഴിച്ച് നിര്‍ത്തിയാല്‍ ഐസ് എന്‍ജിന്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കും ഇലക്ട്രിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോണ്ട പ്രഖ്യാപിച്ചിട്ടുള്ള ഏഷ്യല്‍ കോംപാക്ട് ഇലക്ട്രിക് (എ.സി.ഇ) പ്രോജക്ടിന്റെ ഭാഗമായായിരിക്കും എലിവേറ്റ് എസ്.യു.വിയുടെ ഇലക്ട്രിക് പതിപ്പ് എത്തുന്നത്. 2026-ഓടെ ആയിരിക്കും ഇത് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 50 മുതല്‍ 70 ശതമാനം വരെ പ്രദേശികമായി നിര്‍മിക്കാനൊരുങ്ങുന്ന ഈ വാഹനം ഏതാനും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനാണ് ഹോണ്ടയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡി.ജി.9ജഡി എന്ന കോഡ്‌നെയിമിലായിരിക്കും എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് നിര്‍മിക്കുക. ക്രെറ്റയ്ക്ക് സമാനമായി റെഗുലര്‍ എലിവേറ്റിൽ നിന്നുള്ള ഫീച്ചറുകളും സൗന്ദര്യവും കടംകൊണ്ടായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുന്നത്. ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ സംബന്ധമായി യാതൊരു സൂചനകളും നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. ഹോണ്ടയുടെ രാജസ്ഥാനിലെ തപുകരയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റായിരിക്കും അവരുടെ ഇലക്ട്രിക് വാഹന ഹബ്ബായി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
Content Highlights: Honda and Hyundai to launch electric version of Elevate and Creta SUV's