ലക്ഷങ്ങൾ പലതും കടന്ന് കോടിപതി; വാഹന നിർമാണത്തിൽ പുത്തൻ ഉയരങ്ങൾ കീഴടക്കി ബിവൈഡി

ഇന്ത്യയിലെ വാഹന വിപണിയിൽ ഒഴിച്ചുകുടാനാവാത്ത സാന്നിധ്യമായി മാറിയിട്ടുള്ള കമ്പനിയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. വാഹനമായും ബാറ്ററിയായും ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിൽ കരുത്തൻ സാന്നിധ്യമായി തുടരുന്ന ഈ കമ്പനി മാതൃരാജ്യമായ ചൈനയിൽ പുതിയൊരു റെക്കോഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ന്യൂ എനർജി വാഹനങ്ങളുടെ (എൻഇവി) നിർമാണം 1.5 കോടി (15 മില്ല്യൺ) എന്ന വലിയ സംഖ്യ പിന്നിട്ടിരിക്കുകയാണ്.
ബിവൈഡിയുടെ പ്രീമിയം ബ്രാന്റായ ഡെൻസയുടെ എൻ8എൽ എന്ന എസ്‌യുവി മോഡലാണ് 1.5 കോടി എന്ന മാജിക് നമ്പർ തികച്ച വാഹനം. ഏറ്റവും സുരക്ഷിതമായ എസ്‌യുവി ഖ്യാതി സമ്പാദിച്ചിട്ടുള്ള ഫുൾ സൈസ് പ്രീമിയം എസ്‌യുവിയാണ് ഡെൻസ എൽ8എൽ. വിൽപ്പനയിലും മികച്ച നേട്ടങ്ങളാണ് ബിവൈഡിക്ക് 2025-ൽ ഉണ്ടായത്. ജനുവരി മുതൽ നവംബർ വരെയുള്ള കണക്ക് അനുസരിച്ച് 4.18 ദശലക്ഷം വാഹനങ്ങളാണ് ബിവൈഡിയിൽ നിന്ന് നിരത്തുകളിൽ എത്തിയത്.
ബിവൈഡിയുടെ മുൻവർഷങ്ങളിലെ വിൽപ്പനയെക്കാൾ 11.3 ശതമാനത്തിന്റെ വർധനവാണ് 2025-ൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദേശ വിപണികളിലെ വിൽപ്പനയിൽ ഉണ്ടായ വളർച്ചയും മൊത്തെ വിൽപ്പനയുടെ കുതിപ്പിന് ഇന്ധനമായിട്ടുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലായി 9.17 ലക്ഷം വാഹനങ്ങളാണ് ബിവൈഡി വിറ്റഴിച്ചിരിക്കുന്നത്. ബിവൈഡിയുടെ എൽഇവികൾ ആറ് ഭൂഖണ്ഡങ്ങളിലായി 119 രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സാങ്കേതികമായി ഉണ്ടാകുന്ന നേട്ടങ്ങളാണ് ബിവൈഡിയുടെ വളർച്ചയ്ക്ക് പ്രധാന ഇന്ധനമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2025-ന്റെ ആദ്യ മൂന്ന് പാദങ്ങളിലായി റിസേർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനായി 43.75 ബില്ല്യൺ യുവാൻ ആണ് ബിവൈഡി ചിലവാക്കിയിരിക്കുന്നത്. മുൻവർഷവുമായി തട്ടിച്ച് നോക്കുമ്പോൾ 31 ശതമാനത്തിന്റെ വർധനവ് ഈ മേഖലയിലും ഉണ്ടായിട്ടുണ്ട്. ആർ ആൻഡ് ഡിക്കായുള്ള ബിവൈഡിയുടെ നിക്ഷേപം 220 ബില്ല്യൺ യുവാൻ കടന്നതായാണ് റിപ്പോർട്ട്.
1.5 കോടി എന്ന നമ്പറിലേക്ക് ബിവൈഡിയുടെ ഉത്പാദനത്തെ അടുപ്പിച്ച ഡെൽസ എന്ന വാഹനം ചൈനയ്ക്ക് പുറമെ, തായ്‌ലൻഡ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ ഏഷ്യൻ വിപണികളിലും ബിവൈഡി എത്തിക്കുന്നുണ്ട്. ഇന്ത്യയിലും കരുത്തൻ സാന്നിധ്യമാണ് ബിവൈഡി എന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ. ബിവൈഡി സീൽ, ആറ്റോ-3, ഇ മാക്‌സ് 7, സീലിയോൺ 7 എന്നീ നാല് മോഡലുകളാണ് ഈ ചൈനീസ് വാഹന നിർമാതാക്കൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുന്നത്.
Content Highlights: Chinese automaker BYD celebrates a major milestone, producing over 15 million New Energy Vehicles (NEVs). Explore their growth and impact on the global EV market.