3.3 സെക്കന്റില്‍ 100 കി.മീ.വേഗം; ലോകത്തിലെ ഏറ്റവും കരുത്തന്‍ SUV ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX707 എത്തി

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX707 | Photo: Aston Martin
ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX707 | Photo: Aston Martin

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ വാഹന നിരയിലെ കരുത്തന്‍ എസ്.യു.വി. മോഡലായ ഡി.ബി.എക്‌സ്.707 ഇന്ത്യയില്‍ അവതരിപ്പിച്ചു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള മോഡല്‍ എന്ന ഖ്യാതിയുമായാണ് ഈ എസ്.യു.വിയുടെ ഇന്ത്യ പ്രവേശനം. 4.63 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. റെഗുലര്‍ ഡി.ബി.എക്‌സ് മോഡലിനെക്കാള്‍ 48 ലക്ഷം രൂപ അധികമാണ് ഈ മോഡലിന്. 

ആസ്റ്റണ്‍ മാര്‍ട്ടിന്‍ സ്റ്റാന്റേഡ് മോഡലിനെക്കാള്‍ കരുത്താണ് 707 പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. 4.15 കോടി രൂപയാണ് സ്റ്റാന്റേഡ് മോഡലിന്റെ വില. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ആഡംബര എസ്.യു.വി. എന്ന വിശേഷണം ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഈ എസ്.യു.വിക്കാണ്. എന്നാല്‍, ഡി.ബി.എക്‌സ് 707-ല്‍ എത്തിയതോടെ അത്യാഡംബര സൂപ്പര്‍ എസ്.യു,വി. എന്ന വിശേഷണവും ഈ വാഹനത്തിന് സ്വന്തമാണ്. ലംബോര്‍ഗിനി ഉറുസ്, ബെന്റ്‌ലി ബെന്റെയ്ഗ തുടങ്ങിയ വാഹനങ്ങളാണ് എതിരാളികള്‍. 

കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിന് ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ എസ്.യു.വി. എന്ന വിശേഷണത്തിന് യോഗ്യനാക്കിയത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 707 പി.എസ്. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. റെഗുലര്‍ DBX-നെക്കാള്‍ 155 ബി.എച്ച്.പി. അധിക പവറും 200 എന്‍.എം. അധിക ടോര്‍ക്കുമാണ് DBX707 ഉത്പാദിപ്പിക്കുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമെന്‍സ് എസ്.യു.വിയാകുന്ന ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ക്ലെച്ചും അല്‍പ്പം സ്‌പെഷ്യലാണ്. ഒമ്പത് സ്പീഡ് വെറ്റ് ക്ലെച്ചാണ് ഓട്ടോമാറ്റികാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മറ്റ് ഏത് ഗിയര്‍ബോക്‌സുകളെയും അപേക്ഷിച്ച് അതിവേഗത്തിലുള്ള ഗിയര്‍ ചെയ്ഞ്ചിലാണ് വെറ്റ് ക്ലെച്ച് ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. വാഹനത്തിന് ഉയര്‍ന്ന വേഗമെടുക്കാന്‍ സാധിക്കുന്നതില്‍ ട്രാന്‍സ്മിഷനും ഉയര്‍ന്ന റോള്‍ ഉണ്ടെന്നാണ് കമ്പനിയുടെ വാദം.

കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ളതും സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കും. മുന്നില്‍ 420 എം.എമ്മും പിന്നില്‍ 390 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക്കുകളും സിക്‌സ് പിസ്റ്റണ്‍ കാലിപ്പറുകളും സുരക്ഷയുടെ മാറ്റ് കൂട്ടുന്നുണ്ട്. ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി വാഹനത്തിലെ പ്രധാനപ്പെട്ട കൂളിങ്ങ് ഇന്‍ ടേക്കില്‍ നിന്നും ഫ്‌ളോറിന് താഴെ നിന്നും എയര്‍ സ്വീകരിക്കുന്നുണ്ട്. ഫ്രിക്ഷന്‍ ഫ്രീ ബ്രേക്കിങ്ങിനായി ഹൈ പെര്‍ഫോമെന്‍സ് ബ്രേക്ക് പാഡുകളാണ് നല്‍കിയിട്ടുള്ളത്. 

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX- എസ്.യു.വിക്ക് സമാനമായ ഡിസൈനിലാണ് ഈ വാഹനവും ഒരുക്കിയിട്ടുള്ളത്. മുഖം പൂര്‍ണമായും കവര്‍ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പ്, സ്പോര്‍ട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡിസൈന്‍.

Content Highlights: Aston martin DBX707 Worlds most powerful and luxury suv launched in India