മെഴ്‌സിഡീസിന്റെ ആഡംബര എസ്.യു.വി. സ്വന്തമാക്കി തട്ടത്തിന്‍ മറയത്തിലെ ആയിഷ

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷയായി എത്തി മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് ഇഷ തല്‍വാര്‍. പിന്നീട് ബാഗ്ലൂര്‍ ഡേയിസ് എന്ന സിനിമയിലെ വേഷത്തിലൂടെയും മലയാളി ബന്ധം ഊട്ടിയുറപ്പിച്ച ഈ താരം തന്റെ യാത്രകള്‍ക്കായി പുത്തന്‍ ആഡംബര വാഹനം സ്വന്തമാക്കിയതാണ് പുതിയ വിശേഷം. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ എസ്.യു.വി. മോഡലായ ജി.എല്‍.സിയാണ് ഇഷ തല്‍വാറിന്റെ ഗ്യാരേജില്‍ എത്തിയ പുതിയ ആഡംബര വാഹനം.
മുംബൈയിലെ മുന്‍നിര മെഴ്‌സിഡീസ് വിതരണക്കാരായ ഓട്ടോ ഹാങ്ങറില്‍ നിന്നാണ് ഇഷ തല്‍വാര്‍ തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഒരു വാഹനമെന്നതിലുപരി വലിയ സന്തോഷമാണ് കൈമാറിയിരിക്കുന്നത്. ഇത് പുതിയൊരു അധ്യായത്തിന്റെ തുടക്കമാകട്ടെയെന്നും, ഈ വാഹനത്തിലെ ഓരോ യാത്രകളും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മകള്‍ സമ്മാനിക്കുന്നത് ആകട്ടെയെന്ന് ആശംസിക്കുന്നുവെന്ന കുറിപ്പോടെയാണ് വാഹനം വാങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഓട്ടോഹാങ്ങര്‍ പങ്കുവെച്ചിരിക്കുന്നത്.
ജി.എല്‍.സി. 300, ജി.എല്‍.സി 220ഡി എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍, ജി.എല്‍.സിയുടെ ഏത് വേരിയന്റാണ് ഇഷ തല്‍വാര്‍ സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് മെഴ്‌സിഡീസ് ഈ എസ്.യു.വി. വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലിന് 74.20 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 75.20 ലക്ഷം രൂപയിലുമാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
ജി.എല്‍.സി.300 മോഡലില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 258 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഡീസല്‍ മോഡലായ 220ഡിയില്‍ പ്രവര്‍ത്തിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 197 പി.എസ്. പവറും 440 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മെഴ്‌സിഡീസിന്റെ ഫോര്‍മാറ്റിക് സംവിധാനത്തിനൊപ്പം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Actress Isha Talwar buys Mercedes-Benz GLC SUV, Isha Talwar, Mercedes Benz