'യാത്രകള്‍ തുടരും'; ബിഎംഡബ്ല്യുവിന്റെ ആഡംബരം സ്വന്തമാക്കിയ സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു

നടന്‍ ഗിന്നസ് പക്രുവും അദ്ദേഹം സ്വന്തമാക്കിയ ബിഎംഡബ്ല്യു വാഹനവും | Photo: Facebook/Guinnespakru
നടന്‍ ഗിന്നസ് പക്രുവും അദ്ദേഹം സ്വന്തമാക്കിയ ബിഎംഡബ്ല്യു വാഹനവും | Photo: Facebook/Guinnespakru

ഗിന്നസ് പക്രു എന്ന പേരിന് മലയാളികള്‍ക്കിടിയില്‍ വേറൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. തന്റെ പരിമിതികളെ അവസരങ്ങളാക്കി മാറ്റി നടന്‍, സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. താന്‍ ആദ്യമായി സഞ്ചരിച്ച വാഹനവും തനിക്ക് ഒരുകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വാഹനങ്ങളെ കുറിച്ചെല്ലാം പറഞ്ഞിട്ടുള്ള ഗിന്നസ് പക്രു തന്റെ യാത്രകള്‍ക്കായി ഒരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. 

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പോപ്പുലര്‍ ഹാച്ച്ബാക്ക് മോഡലായ ഫൈവ് സീരീസാണ് ഈ താരത്തിന്റെ വാഹന ശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്. യാത്രകള്‍ തുടരുമെന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ് പുതിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആലുവയിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ വിതരണക്കാരായ ലെക്‌സ് മോട്ടോയില്‍ നിന്നാണ് അജയ് കുമാര്‍ തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 

ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ ഫൈവ് സീരീസ് സെഡാനാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. രണ്ട് ഡീസല്‍ എന്‍ജിനുകളിലും ഒരു പെട്രോള്‍ എന്‍ജിനിലുമാണ് ഈ കാലയളവില്‍ ഫൈവ് സീരീസ് നിരത്തുകളില്‍ എത്തിയിരുന്നത്. 520ഡി, 530ഡി എന്നീ ഡീസല്‍ വകഭേദങ്ങളും 530ഐ എന്ന പെട്രോള്‍ പതിപ്പുമായിരുന്നു ബിഎംഡബ്ല്യു എത്തിച്ചിരുന്നത്. ഇതില്‍ തന്നെ ഡീസല്‍ എന്‍ജിന്‍ മോഡലായ 520ഡി ആണ് അജയ് കുമാറിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. 

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 190 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇസഡ് എഫ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ ആഡംബര സെഡാനില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 261 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 248 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തിയിരുന്നു.

Content Highlights: Malayalam actor Guinness Pakru adds a luxurious BMW 5 Series to his collection