ദീപക്കിന്റെ യാത്രകള്ക്ക് കൂട്ടായി ബെന്സിന്റെ ആഡംബരം; ജി.എല്.എ.200ഡി സ്വന്തമാക്കി താരം

നായകന് പ്രതിനായകന് എന്നുവേണ്ട ഏത് കഥാപാത്രത്തേയും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന യുവനടനാണ് ദീപക് പറമ്പോല്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായത്. ഈ സന്തോഷത്തിനൊപ്പം തന്റെ യാത്രകള്ക്കായി ഒരു ആഡംബര വാഹനത്തെയും അദ്ദേഹം കൂടെ കൂട്ടിയിരിക്കുകയാണ്. ജര്മന് ആഡംബര വാഹന നിര്മാതാക്കളായ മെഴ്സിഡീസിന്റെ ജി.എല്.എ. 200 ഡി ആണ് അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനം.
റോഡ്വേ കാര്സില് നിന്നാണ് അദ്ദേഹം മെഴ്സിഡീസിന്റെ ഈ കുഞ്ഞന് എസ്.യു.വി. സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ഡീസല് പതിപ്പായ 200ഡി എന്ന മോഡലാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 2019 മോഡല് വാഹനമാണ് ഇതെന്നാണ് സൂചനകള്. മെഴ്സിഡീസിന്റെ ഈ കുഞ്ഞന് എസ്.യു.വിക്ക് ഏകദേശം 35 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.
ലുക്കിലും ഫീച്ചറുകളിലും മെഴ്സിഡീസിന്റെ എല്ലാ ആഡംബര ഭാവങ്ങളും വരുത്തിയിട്ടുള്ള വാഹനമാണ് ജി.എല്.എ. എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീന് ഇന്ഫോടെയ്മെന്റ് സിസ്റ്റം. അപ്പിള് കാര്പ്ലേ, ആന്ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി ഇതിലുണ്ട്. സുരക്ഷ നല്കാന് ആറ് എയര്ബാഗ്, എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷന് കണ്ട്രോള്, ഡ്രൈവര് അറ്റെന്ഷന് അസിസ്റ്റ് എന്നിവ വാഹനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
2143 സിസി ഫോര് സിലിണ്ടര് ടര്ബോ ചാര്ജ്ഡ് ഡീസല് എഞ്ചിനും 1991 സിസി ഫോര് സിലിണ്ടര് പെട്രോള് എഞ്ചിനുമാണ് ജിഎല്എയ്ക്ക് കരുത്തേകുന്നത്. 200d ഡീസല് പതിപ്പ് 134 ബിഎച്ച്പി കരുത്തും 300 എന്എം ടോര്ക്കുമേകും. 181 ബിഎച്ച്പി കരുത്തും 300 എന്എം ടോര്ക്കുമേകുന്നതാണ് പെട്രോള് എഞ്ചിന്. എല്ലാ പതിപ്പിലും ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 9.9 സെക്കന്റില് പൂജ്യത്തില് നിന്ന് 100 കിലോമീറ്റര് വേഗത കൈവരിക്കാനുള്ള കരുത്ത് ഈ വാഹനത്തിനുണ്ട്.
Content Highlights: Actor Deepak Parambol buys mercedes benz gla 200d