സേഫ്റ്റി ഫസ്റ്റ്, സുരക്ഷിത യാത്രകള്‍ക്കായി വോള്‍വോ XC90 സ്വന്തമാക്കി നടന്‍ ചെമ്പന്‍ വിനോദ്

അഭിനേതാവ്, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങി മലയാളി സിനിമയിലെ വിവിധ മേഖലകളില്‍ തിളങ്ങുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്. വെള്ളിത്തിരയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ താരം തന്റെ യാത്രകള്‍ക്കായി കരുത്തുറ്റ സുരക്ഷ സംവിധാനങ്ങളുള്ള ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ XC90-യാണ് അദ്ദേഹം തിരഞ്ഞെടുത്ത വാഹനം.
സുരക്ഷയ്ക്ക് കേളികേട്ട വോള്‍വോ വാഹനങ്ങളില്‍ തന്നെ ഏറ്റവുമധികം സുരക്ഷ ഫീച്ചറുകള്‍ ഉള്ള XC90 മോഡലിന് 96.97 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വോള്‍വോ XC90-യുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അള്‍ട്ര എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് വോള്‍വോയുടെ ഈ ഏഴ് സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
ഏറ്റവും ലളിതമായ ഡിസൈനാണ് വോള്‍വോ വാഹനങ്ങളുടെ അഴക്. 2025-ല്‍ വരുത്തിയ മുഖംമിനുക്കലിലൂടെ ഈ വാഹനം കൂടുതല്‍ സ്‌റ്റൈലിഷാക്കുകയായിരുന്നു. പുതിയ ഗ്രില്ല്, വോള്‍വോയുടെ തോര്‍ ഹാമര്‍ ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയിട്ടുള്ള ബമ്പര്‍, ബ്ലാക്ക് സ്‌മോഗ്ഡ് ടെയ്ല്‍ലാമ്പ്, ഡിസൈന്‍ മാറ്റം വരുത്തിയ അലോയി വീലുകള്‍, അലൂമിനിയം റൂഫ് റെയില്‍സ്, പനോരമിക് സണ്‍റൂഫ്, എയര്‍ സസ്‌പെന്‍ഷന്‍ എന്നിങ്ങനെ നീളും പുതിയ വോള്‍വോ XC90 മോഡലിലെ പുതുമകള്‍.
12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 11.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ബോവേഴ്‌സ് ആന്‍ഡ് വില്‍കിന്‍സിന്റെ 19 സ്പീക്കറുകള്‍ ഉള്ള സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി കണ്‍ട്രോള്‍, വെന്റിലേറ്റഡ്, മസാജ് സംവിധാനങ്ങളുള്ള സീറ്റുകള്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ് അപ് ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളും നല്‍കിയിരിക്കുന്നു. 360 ഡിഗ്രി ക്യാമറ, പാര്‍ക്ക് അസിസ്റ്റ്, അഡാസ് തുടങ്ങീ സുരക്ഷയുടെ കാര്യത്തിലും കമ്പനി യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല.
അതേസമയം, മെക്കാനിക്കലായി മുന്‍ മോഡലുടെ പിന്‍ഗാമിയാണ് പുതിയ XC90-യും. 250 എച്ച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനും മാറ്റമില്ല. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഈ വാഹനത്തിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. കേവലം 7.7 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
Content Highlights: Actor Chemban Vinod opts for the Volvo XC90, a flagship SUV known for its robust safety and luxury features. Explore its design, tech, and performance.