ബി.എം.ഡബ്ല്യു ത്രീ സീരീസ് സ്വന്തമാക്കി ആക്ഷന്‍ ഹീറോ ടൈഗര്‍ ഷ്‌റോഫ്

വെള്ളിത്തിരയില്‍ തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ കാഴ്ചവയ്ക്കുന്ന ടൈഗര്‍ ഷ്‌റോഫ്, സിനിമയ്ക്ക് പുറത്ത് ഒരു വാഹനപ്രേമി കൂടിയാണ്. വാഹനങ്ങളില്‍ തന്നെ ബി.എം.ഡബ്ല്യു കാറുകളോട് പ്രത്യേക ഇഷ്ടമുള്ള അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് വീണ്ടും ഒരു ബി.എം.ഡബ്ല്യു കാര്‍ കൂടി എത്തിയിരിക്കുകയാണ്. പ്രീമിയം സെഡാന്‍ വാഹനമായ ത്രീ സീരീസ് ഗ്രാന്റ് ലിമോസിനാണ് ടൈഗര്‍ ഷ്‌റോഫിന്റെ ഗ്യാരേജില്‍ എത്തിയ പുതിയ ബി.എം.ഡബ്ല്യു വാഹനം.
ബി.എം.ഡബ്ല്യു ത്രീസീരീസ് പ്രീമിയം സെഡാന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ എത്തിയിട്ടുള്ളത്. ത്രീ സീരീസ് മുമ്പ് വിപണിയില്‍ എത്തിച്ചിരുന്ന ത്രീ സീരീസ് ജി.ടിയുടെ പകരക്കാരന്‍ കൂടിയായിരുന്നു ഈ വാഹനം. റെഗുലര്‍ പതിപ്പിനെക്കാള്‍ 110 എം.എം. അധിക വീല്‍ബേസുമായാണ് ഗ്രാന്‍ ലിമോസിന്‍ വിപണിയില്‍ എത്തിയത്. 2961 എം.എം. ആയിരുന്നു ഇതിന്റെ വീല്‍ബേസ്.
റെഗുലര്‍ പതിപ്പിനെക്കാള്‍ വലിപ്പക്കാരന്‍ ആണെങ്കിലും ഗ്രാന്‍ ലിമോസിനിലിലെ ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 14.9 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ പുറത്തിറക്കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 254 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 187 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ പെട്രോള്‍ മോഡലിന് 58.90 രൂപയും ഡീസല്‍ മോഡലിന് 60.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.എം.ഡബ്ല്യു എം5, ബി.എം.ഡബ്ല്യു ഫൈവ് സീരീസ് എന്നിവയാണ് ടൈഗര്‍ ഷ്‌റോഫിന്റെ ഗാരേജില്‍ നേരത്തേ എത്തിയ വാഹനങ്ങള്‍. കൂടാതെ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, ജഗ്വാര്‍ എസ്.എസ്.100, പോണ്ടിയാക് ഫയര്‍ബേസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
Content Highlights: Acton hero Tiger Shroff buys bmw 3 series gran limousine, BMW 3 series, Tiger Shroff