ക്രെറ്റ പേടിക്കണം! പുതിയ എതിരാളികൾ ഉടനെത്തും; അതും ജാപ്പനീസ്, ഫ്രഞ്ച് എസ്‌യുവികൾ

photo:hyundai
photo:hyundai

മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായ് ക്രെറ്റയോട് മുട്ടിനിൽക്കാൻ  എതിരാളികൾ ഏറെ പ്രയാസപ്പെടുന്നുണ്ട്. 2025 ആരംഭിച്ചതിന് ശേഷം ടോപ്പ് സെല്ലിങ് എസ്‌യുവി എന്ന ഖ്യാതി മറ്റൊരു വാഹനത്തിനും വിട്ടുകൊടുക്കാൻ ക്രെറ്റ തയ്യാറായിട്ടില്ല. ഏപ്രിൽ മാസംവരെ ഇത് തുടർന്നു. 

2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്ക് പരിശോധിച്ചാൽ 69,914 ക്രെറ്റയാണ് ഈ നാല് മാസത്തിനുള്ളിൽ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. എന്നാൽ, ക്രെറ്റ ഇനി അൽപമൊന്ന് പേടിക്കണം. നിസ്സാൻ, റെനോ, മാരുതി സുസുക്കി എന്നീ കമ്പനികളിൽനിന്ന് ഈ വർഷം അവസാനത്തോടെ എത്താനിരിക്കുന്നത് ശക്തരായ മൂന്ന് എതിരാളികളാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം. 

നിസാൻ പുറത്തിറക്കിയ ടീസറിൽനിന്ന്

നിസ്സാൻ മിഡ്സൈസ് എസ്‌യുവി

ഇന്ത്യയിൽ വരാനിരിക്കുന്ന കാറുകളുടെ ടീസർ വീഡിയോ നിസ്സാൻ അടുത്തിടെ  പുറത്തിറക്കിയിരുന്നു. ഈ രണ്ട് കാറുകളിൽ ഒന്ന് ഹ്യുണ്ടായ് ക്രെറ്റയുടെ പ്രധാന എതിരാളിയാകുന്ന ഒരു എസ്‌യുവിയായിരിക്കും. CMF-A പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ വാഹനം. SUVയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

എന്നിരുന്നാലും ഇതിന് 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ലഭിക്കുമെന്നാണ് സൂചന. 7സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എൻജിൻ 154 എച്ച്.പി പവറും 250 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കൃത്യമായ ലോഞ്ച് തീയതി നിസ്സാൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വർഷാവസാനത്തോടെ ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെനോ ഡസ്റ്റർ

ഡസ്റ്ററിൻ്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനാണ് ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ പദ്ധതിയിടുന്നത്. നിസ്സാൻ-റെനോ സഖ്യത്തിൻ്റെ ഭാഗമായി, ഡസ്റ്ററും നിസ്സാന്റെ പുതിയ എസ്‌യുവിയും CMF-A പ്ലാറ്റ്ഫോം പങ്കിടും. ഡസ്റ്ററിൻ്റെ പുതിയ പതിപ്പ് നിസ്സാൻ എസ്‌യുവിക്കൊപ്പം ചെന്നൈയിലെ പ്ലാൻ്റിലാകും നിർമിക്കുക. കാറിൻ്റെ സ്പെസിഫിക്കേഷനുകളെയും വിശദാംശങ്ങളെയും കുറിച്ച് ബ്രാൻഡ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  

പുതുതലമുറ ഡസ്റ്ററും അതിന്റെ 7സീറ്റർ മോഡലും ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. 7സീറ്റർ പതിപ്പിന് ബോറിയൽ എന്നായിരുന്നു കമ്പനി നൽകിയ പേര്. 

2027 ഏപ്രിലോടെ ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു എന്ന് റെനോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പുതിയ മോഡലുകളും നിലവിലുള്ള മോഡലുകളുടെ പരിഷ്ക്കരിച്ച പതിപ്പുകളും ഉൾപ്പെടുന്നു. അടുത്ത തലമുറ ഡസ്റ്റർ, അതിന്റെ 7 സീറ്റർ പതിപ്പ്, എസ്‌യുവികൾ, പ്രാദേശികമായി നിർമിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗർ, ട്രൈബർ എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ എന്നിവ പുതിയ നിരയിൽ ഉൾപ്പെടുമെന്നായിരുന്നു റിപ്പോർട്ട്. 

പ്രതീകാത്മക ചിത്രം| എഐ നിർമിതം

മാരുതി സുസുക്കി എസ്‌യുവി

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് കടുത്ത മത്സരം നൽകുന്ന ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കാനാണ് മാരുതി പദ്ധതിയിടുന്നത്. എന്നാൽ വരാനിരിക്കുന്ന മാരുതി എസ്‌യുവിയുടെ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

ഗ്രാൻഡ് വിറ്റാരയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വാ​ഹനമാകാനാണ് സാധ്യത. അരീന ഡീലർഷിപ്പുകൾ വഴിയാകും വാ​ഹനം വിൽപ്പനയ്‌ക്കെത്തുക. നിലവിൽ ഇ-വിറ്റാരയുടെ ലോഞ്ചിനായി തയ്യാറെടുക്കുകയാണ് കമ്പനി.  
 

Content Highlights: 3 New Hyundai Creta Rivals Launching Soon