പ്രീമിയം ബൈക്ക് ആരാധകരെ വിസ്മയിപ്പിക്കാൻ യമഹ: 200 സിസിയിൽ പുത്തൻ YZF-R2 എത്തി!

ചെന്നൈ: പ്രീമിയം ബൈക്ക് പ്രേമികൾക്ക് ആവേശമായി പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ യമഹ YZF-R2 മോട്ടോർസൈക്കിൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. യമഹയുടെ ജനപ്രിയമായ ആർ-സീരീസ് നിരയെ ശക്തിപ്പെടുത്തിഎത്തുന്ന ഈ പുത്തൻ മോഡലിന്റെ ആഗോളതലത്തിലെ ആദ്യ അവതരണം ചെന്നൈയിലാണ് നടന്നത്. ഇതിന്റെ ഡൽഹി എക്സ്-ഷോറൂം പ്രാരംഭവില 2,30,500 രൂപയാണ്.
ഈ അത്യാധുനിക സ്പോർട്സ് ബൈക്ക് ട്രാക്കിലും ഹൈവേകളിലും ദൈനംദിന നഗരയാത്രകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ തക്ക കരുത്തോടെയാണ് ഒരുക്കിയിട്ടുള്ളതെന്ന് യമഹ പറയുന്നു.
പ്രധാന സവിശേഷതകൾ
200 സിസി സെഗ്മെന്റിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഇന്ത്യൻ എൻജിനിയർമാരുടെ സഹകരണത്തോടെ ജപ്പാനിൽ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത പുത്തൻ എൻജിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്.
ലൈറ്റ് വെയ്റ്റ് ഷാസി, 200cc വിഭാഗത്തിൽതന്നെ ആദ്യമായി തേർഡ് ജനറേഷൻ ബൈ-ഡയറക്ഷണൽ ക്വിക് ഷിഫ്റ്റർ എന്നിവയും യമഹ YZF-R2-ന്റെ മറ്റ് സവിശേഷതകളാണ്.
മൂന്ന് വേരിയന്റുകളിലായി അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് യമഹ YZF-R2 വിപണിയിൽ ലഭിക്കുക.
ഇതിൽ ബേസ് വേരിയന്റ് മെറ്റാലിക് ബ്ലാക്, ഡാർക് ബ്ലൂയിഷ് ഗ്രേ എന്നീ നിറങ്ങളിൽ ലഭിക്കും. പൂർണമായും കറുത്ത നിറത്തിലുള്ള അലോയ് വീലുകളും മാറ്റ് ഫിനിഷ്ഡ് സീറ്റും ഈ വേരിയന്റിന്റെ പ്രത്യേകതയാണ്.
മാറ്റ് വൈറ്റ് പേൾ, റേസിങ് ബ്ലൂ എന്നീ നിറങ്ങളിലാണ് രണ്ടാമത്തെ വേരിയന്റ് എത്തുക. സെഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കുന്ന 3rd ജനറേഷൻ ബൈ-ഡയറക്ഷണൽ ക്വിക് ഷിഫ്റ്റർ ഈ വേരിയന്റിലാണ് ലഭിക്കുക. കൂടാതെ, ബോഡി കളറിലുള്ള അലോയ് വീലുകൾ, പ്രത്യേക ഗ്രാഫിക്സുകൾ, സ്പോർട്ടി ലുക്ക് നൽകുന്ന പ്രീമിയം മെറ്റീരിയൽ ഫിനിഷിങ്ങുകൾ എന്നിവ ഈ വേരിയന്റിന്റെ സവിശേഷതകളാണ്.
ടോപ് വേരിയന്റായ YZF-R2M ആണ് ഈ സീരിസിലെ ഏറ്റവും അത്യാധുനികമായ പതിപ്പ്. മെറ്റാലിക് ഗ്രേ നിറത്തിൽ മാത്രമാണ് ഇത് ലഭിക്കുക. മികച്ച സൂപ്പർ സ്പോർട്സ് അനുഭവം തേടുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ ഈ മോഡലിൽ ക്വിക് ഷിഫ്റ്ററിന് പുറമേ മറ്റ് ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Content Highlights: India Yamaha Motor has globally unveiled the new YZF-R2 200cc sports bike in Chennai at a starting price of Rs 2,30,500, offering three variants including the top-spec YZF-R2M equipped with a segment-first 3rd-generation bi-directional quick shifter.