ഹൈഡ്രജന്‍ കരുത്തില്‍ പറക്കാന്‍ ഐക്യൂബ്; ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സ്‌കൂട്ടറുമായി ടി.വി.എസ്.

പ്രകൃതി സൗഹാര്‍ദമായതും മലിനീകരണം കുറഞ്ഞതുമായ ഗതാഗത സംവിധാനത്തിലേക്കാണ് ലോകം നീങ്ങുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ബദലായി ഇലക്ട്രിക് വാഹനങ്ങളാണ് ഉയര്‍ത്തി കാട്ടുന്നതെങ്കിലും ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനങ്ങളും പ്രായോഗികമായ പ്രതിവിധിയാണ്. ഈ സഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ പതിപ്പ് വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്.
ടി.വി.എസ്. ഒരുക്കുന്ന ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ ഐക്യൂബിന്റെ ഡിസൈനുകളും ഏതാനും വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പേറ്റന്റ് അടുത്തിടെ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്‌കൂട്ടറിന്റെ ഫ്രെയിമിലെ ഡൗണ്‍ട്യൂബില്‍ രണ്ട് ഹൈഡ്രജന്‍ ഫ്യുവല്‍ കാനിസ്റ്ററുകള്‍ നല്‍കിയിട്ടുള്ളതാണ് ചിത്രത്തിലുള്ളത്. ഒരു പൈപ്പ് ഉപയോഗിച്ചാണ് രണ്ട് കാനിസ്റ്ററുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം മുന്നിലെ ആപ്രോണില്‍ ഒരു ഫില്ലര്‍ നോസില്‍ നല്‍കിയിട്ടുള്ളതും ചിത്രത്തിലുണ്ട്.
പരമ്പരാഗത ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി നല്‍കുന്നതിന് സമാനമായി ഈ സ്‌കൂട്ടറിലെ ഹൈഡ്രജന്‍ ഫ്യുവല്‍ സ്റ്റാക്ക് നല്‍കിയിട്ടുള്ളത് സീറ്റിന് താഴെയായാണ്. ഇതിനുപുറമെ, ഈ സ്‌കൂട്ടറിലെ ഫുട്ട്‌ബോര്‍ഡിന് താഴെയായി ഒരു ബാറ്ററി പാക്കും നിര്‍മാതാക്കള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ ബാറ്ററിയുടെ ശേഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടി.വി.എസ്. വെളിപ്പെടുത്തിയിട്ടില്ല. മെക്കാനിക്കലായ വിവരങ്ങള്‍ നിര്‍മാണം ആരംഭിക്കുന്ന വേളയില്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാറ്റ്‌ഫോമില്‍ നല്‍കിയിട്ടുള്ള ഈ ബാറ്ററി വാഹനത്തിന്റെ ബ്രേക്കിങ്ങിലും വേഗത കുറയ്ക്കുമ്പോഴും ഊര്‍ജം സംഭരിക്കുകയും, ആവശ്യമുള്ള സാന്ദര്‍ഭങ്ങളിലും അധിക പ്രകടനം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. വാഹനത്തിനുള്ള പവര്‍ ഉപയോഗം കുറയുമ്പോള്‍ ഫ്യുവല്‍ സെല്ലും ബാറ്ററിയിലേക്ക് പവര്‍ നിറയ്ക്കും. ഐക്യൂബ് ഇലക്ട്രിക്കിന് സമാനമായി ഫ്യുവല്‍ സെല്‍ മോഡലിലും 4.4 kW ശേഷിയുള്ള ഹബ്ബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറായിരിക്കും നല്‍കുക.
നിലവില്‍ പൂര്‍ണമായും ഇലക്ട്രിക് കരുത്തിലെത്തുന്ന വാഹനമാണ് ഐക്യൂബ്. 3.4 കിലോവാട്ട് ബാറ്ററി, എച്ച്.എം.ഐ. കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് ഐക്യൂബിലുള്ളത്. അതേസമയം, ഐക്യൂബിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ എസ്.ടിയില്‍ 5.1 കിലോവാട്ട് ബാറ്ററിപാക്കാണ് നല്‍കിയിട്ടുള്ളത്. ഈ സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റെഗുലര്‍ പതിപ്പുകള്‍ മണിക്കൂറില്‍ 78 കിലോ മീറ്റര്‍ വേഗത എടുക്കുമ്പോള്‍ എസ്.ടി. വേരിയന്റ് 82 കിലോ മീറ്റര്‍ വേഗതയെടുക്കും.
Content Highlights: TVS planning to launch hydrogen fuel cell Scooter, TVS iQube, Hydrogen Full Cell Scooter