സ്‌കൂട്ടറുകളിലെ ബൈക്ക്; ഇതുവരെ കാണാത്ത ഫീച്ചറുകളും 150 സിസി എന്‍ജിന്റെ കരുത്തുമായി TVS എന്‍ടോര്‍ക്ക്

ടിവിഎസിന്റെ സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള മോഡലാണ് എന്‍ടോര്‍ക്ക്. മസ്‌കുലര്‍ രൂപം, ബൈക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന എന്‍ജിന്‍ ശബ്ദം എന്നിവയിലൂടെ ശ്രദ്ധേയമായ ഈ സ്‌കൂട്ടറിന് കരുത്തേകിയിരുന്നത് 125 സിസി എന്‍ജിനാണ്. നിരത്തുകളില്‍ എന്‍ടോര്‍ക്ക് തരംഗം ശക്തമായതിന് പിന്നാലെ ഈ സ്‌കൂട്ടറിന്റെ 150 സിസി മോഡലും നിരത്തുകളില്‍ എത്തിച്ചിരിക്കുകയാണ് ടിവിഎസ്. സ്റ്റാൻഡേഡ്, ടിഎഫ്ടി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന എന്‍ടോര്‍ക് 150-ക്ക് യഥാക്രമം 1.19 ലക്ഷവും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
ടിവിഎസ് ഐസിഇ സ്‌കൂട്ടര്‍ നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായാണ് എന്‍ടോര്‍ക്ക് 150 എത്തിയിരിക്കുന്നത്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. അതേസമയം, 125 എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ബോര്‍, ഭാരം കുറഞ്ഞ പിസ്റ്റണ്‍, ഉയര്‍ന്ന സ്‌ട്രോക്ക് എന്നിവയാണ് 150 എന്‍ജിന്റെ സവിശേഷത. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും എന്‍ജിനുമായി ചേര്‍ത്തിട്ടുണ്ട്. 13.2 എച്ച്പി പവറും 14.2 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്.
അടിസ്ഥാന രൂപം റെഗുലര്‍ എന്‍ടോര്‍ക്കിന് സമാനമാണെങ്കിലും ഫീച്ചറുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ക്വാഡ് ലാമ്പ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്, വലിപ്പം കുറഞ്ഞ വിങ്‌ലെറ്റുകള്‍, ഷാര്‍പ്പ് ടെയ്ല്‍ലൈറ്റ് എന്നിവയാണ് ഡിസൈനിലെ പ്രധാന പുതുമകള്‍. വേറിട്ട നിറങ്ങളില്‍ എത്തുന്നതും ഈ സ്‌കൂട്ടറിന് കാഴ്ചയില്‍ മിഴിവേകുന്നുണ്ട്. ഹാന്‍ഡില്‍ ബാറിന് മുന്നിലായാണ് എന്‍ടോര്‍ക് ബാഡ്ജിങ് നല്‍കിയിട്ടുള്ളത്. ബോഡി കളറുമായി ചേര്‍ന്ന് നില്‍ക്കുന്ന 12 ഇഞ്ച് അലോയി വീലുകളും ഇതില്‍ നല്‍കുന്നുണ്ട്.
125 എന്‍ടോര്‍ക്കിനെക്കാള്‍ കരുത്തുറ്റ ഫ്രെയിമാണ് പുതിയ എന്‍ടോര്‍ക്കിന് അടിസ്ഥാനമൊരുക്കുന്നത്. സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ പുതിയ ഡാംപറുകളും സ്പ്രിങ് റേറ്റുകളും നല്‍കിയിട്ടുമുണ്ട്. പാര്‍ക്കിങ് ബ്രേക്ക് ലോക്ക്, മോട്ടോര്‍ സൈക്കിളുകളിലേതിന് സമാനമായി നല്‍കിയിട്ടുള്ള അഡ്ജസ്റ്റ് ചെയ്യാനാകുന്ന ലിവറുകള്‍, 22 ലിറ്ററിന്റെ സ്റ്റോറേജ്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയവയും പുതിയ എന്‍ടോര്‍ക്കില്‍ നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിലും ഒരുപടി മുന്നിലാണ് ഈ സ്‌കൂട്ടര്‍. സ്ട്രീറ്റ്, റേസ് എന്നീ റൈഡിങ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവയാണ് സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള ഫീച്ചറുകള്‍. ഇതിനൊപ്പം കണക്ടഡ് സംവിധാനങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍, വാച്ച് എന്നിവ സ്‌കൂട്ടരിലെ ഡിസ്‌പ്ലേയുമായി കണക്ട് ചെയ്യാം. അലക്‌സ സംവിധാനം, ജിയോ ഫെന്‍സിങ്, കോള്‍ നോട്ടിഫിക്കേഷന്‍, മ്യൂസിക് പ്ലേബാക്ക്, ക്രാഷ് അലേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ലഭിക്കും.
Content Highlights: TVS launches the NTorq 150 with a powerful 149cc engine, advanced features, and stylish design.