നോർട്ടൺ ഉടൻ ഇന്ത്യയിലെത്തും; ബൈക്കുകൾക്കൊപ്പം പോസ് ചെയ്ത് നരേന്ദ്ര മോദിയും കെയ്ർ സ്റ്റാമറും

പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച ചിത്രം

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും കഴിഞ്ഞദിവസമാണ് ഒപ്പുവെച്ചത്. മൂന്ന് വർഷത്തെ ഉഭയകക്ഷി ചർച്ചകൾക്കും നയതന്ത്ര വിലപേശലുകൾക്കും ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറായത്. 

യുകെയിൽവെച്ച് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിന് ശേഷം, പ്രധാനമന്ത്രി മോദി ബ്രീട്ടീഷ് ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിൾസിൻ്റെ എക്സിബിഷൻ സ്റ്റാൾ സന്ദർശിക്കുകയും വാഹനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മോട്ടോർസൈക്കിളുകൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾ മോദിയും സ്റ്റാർമറും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

ഇരു രാജ്യങ്ങളിൽനിന്നുള്ള മറ്റ് പ്രമുഖരുടെയും ടിവിഎസ് മോട്ടോർ കമ്പനി എംഡി സുദർശൻ വേണുവിൻ്റെയും സാന്നിധ്യവും ഉണ്ടായിരുന്നു. കഫേ റേസറായ നോർട്ടൺ വി4 സിആർ, സൂപ്പർസ്പോർട്ട് മോഡലായ വി4 എസ്.വി എന്നിവയാണ് ഇരു പ്രധാനമന്ത്രിമാരുമൊത്തുള്ള ചിത്രങ്ങളിലുള്ളത്. രണ്ടു മോഡലുകളിലും 1200 സിസി വി4 എൻജിനാണ് ഘടിപ്പിച്ചിരുക്കുന്നത്. 185 എച്ച്പി കരുത്തും 125 എൻഎം പീക്ക് ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 

2020-ൽ ബ്രിട്ടീഷ് ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിൾസിനെ ടിവിഎസ് മോട്ടോർ കമ്പനി ഏറ്റെടുത്തിരുന്നു. 2025ൻ്റെ അവസാനത്തോടെ നോർട്ടൺ ബൈക്കുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. വിപണിയിലെത്തിക്കുന്നതിൻ്റെ മുന്നോടിയായി, ബ്രാൻഡ് തങ്ങളുടെ വരാനിരിക്കുന്ന ചില മോഡലുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. 

ടിവിഎസ് എംഡി സുദർശൻ വേണു നോർട്ടൺ ബൈക്കുകളിലൊന്ന് പരീക്ഷിക്കുന്നതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ പ്രയോജനപ്പെടുത്തി പൂർണമായി നിർമിച്ച യൂണിറ്റുകളായി വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് സാധ്യത. 
 

Content Highlights: india-uk-fta-norton-motorcycles-pm-modi