അലങ്കാരത്തിന് സ്വര്‍ണവര്‍ണം, കിടിലന്‍ മൈലേജ്; ഷൈന്‍ സെലിബ്രേഷന്‍ എഡിഷനുമായി ഹോണ്ട

ഹോണ്ട ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍
ഹോണ്ട ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍

ഇന്ത്യയിലെ കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ കരുത്തന്‍ മോഡല്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ഹോണ്ടയുടെ ഷൈന്‍. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണ്‍ കൂടുതല്‍ ആഘോഷമാക്കുന്നതിനായി ഷൈനിന്റെ സെലിബ്രേഷന്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ ബൈക്കിന് 78,878 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഷൈനിന്റെ റെഗുലര്‍ പതിപ്പിന്റെ ജീനില്‍ തന്നെയാണ് സെലിബ്രേഷന്‍ എഡിഷനും ഒരുങ്ങിയിട്ടുള്ളത്. എന്നാല്‍, കൂടുതല്‍ മോടിപിടിപ്പിക്കുന്നതിനായി സ്വര്‍ണ വര്‍ണത്തിലുള്ള ഗ്രാഫിക്‌സുകളും അതിനിണങ്ങുന്ന മറ്റ് നിറങ്ങളിലുള്ള സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. വൈസറില്‍ നല്‍കിയിട്ടുള്ള ഗോള്‍ഡന്‍ സ്ട്രിപ്പും വശങ്ങളിലെ ഗോള്‍ഡന്‍ ആക്‌സെന്റും ബ്രൗണ്‍ നിറത്തിലെ സീറ്റും ഈ പ്രത്യേക പതിപ്പിന്റെ മാറ്റം സവിശേഷതയായി നല്‍കിയിരിക്കുന്നു.

സെലിബ്രേഷന്‍ എഡിഷനിലെ ലോഗോ ഗോള്‍ഡന്‍ ഫിനീഷിങ്ങില്‍ നല്‍കിയിരിക്കുന്നതിനൊപ്പം ടാങ്കില്‍ സെലിബ്രേഷന്‍ എഡിഷന്‍ ബാഡ്ജിങ്ങും പതിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് മഫ്‌ളര്‍ കവറാണ് ഈ പതിപ്പില്‍ നല്‍കിയിട്ടുള്ളത്. മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് സംഗ്രിയ റെഡ് മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ മാത്രമാണ് ഹോണ്ട ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ പുറത്തിറങ്ങുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

ലുക്കിലും ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി റെഗുലര്‍ മോഡലിനെ പിന്തുടര്‍ന്നാണ് ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. 10.74 പി.എസ്. പവറും 11 എന്‍.എം. ടോര്‍ക്കുമേകുന്ന 123.94 സി.സി. എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. മള്‍ട്ടിപ്ലേറ്റ് വെറ്റ് ക്ലെച്ചിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. നഗര യാത്രകള്‍ക്ക് 55 കിലോമീറ്ററും ഹൈവേകളില്‍ 65 കിലോമീറ്ററുമാണ് ഈ വാഹനത്തിന്റെ മൈലേജ്.

വരാനിരിക്കുന്ന ഉത്സവ സീസണ്‍ ആഷോഷമാക്കാന്‍ രാജ്യം തയാറെടുക്കുമ്പോള്‍ ഞങ്ങളുടെ ഉപയോക്താക്കളുടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുന്നതിനായി പുതിയ ഷൈന്‍ സെലിബ്രേഷന്‍ എഡിഷന്‍ അവതരിപ്പിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ പറഞ്ഞു. ഷൈന്‍ സെലിബ്രേഷന്‍ പതിപ്പ് ആഘോഷങ്ങളെ കൂടുതല്‍ നിറമുള്ളതാക്കുമെന്നും വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Honda Motorcycle & Scooter India enters festive season with new Shine Celebration Edition