അങ്കത്തിന് കച്ചമുറുക്കി ഹോണ്ട; പ്രീമിയം ബൈക്ക് ഹൈനസ് സി.ബി 350 നിരത്തുകളിലെത്തി തുടങ്ങി

ഹോണ്ട ഹൈനസ് സി.ബി 350 | Photo: Honda 2Wheeler India
ഹോണ്ട ഹൈനസ് സി.ബി 350 | Photo: Honda 2Wheeler India

ഇന്ത്യയിലെ 350-500 സിസി ബൈക്ക് ശ്രേണിയില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിനെത്തിയിട്ടുള്ള ഹോണ്ടയുടെ പ്രീമിയം ബൈക്കായ ഹൈനസ് സി.ബി 350-യുടെ വിതരണം ആരംഭിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ച ഈ വാഹനം കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യയിലെ വിതരണം ആരംഭിച്ചത്. 

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഹൈനസ് സി.ബി 350-ക്ക് യഥാക്രമം 1.85 ലക്ഷം രൂപയിലും 1.90 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. 

റെട്രോ സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റൗണ്ട് ഹെഡ്‌ലൈറ്റ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനീഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനീഷിങ്ങിലുള്ള എക്‌സ്‌ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഹൈനസിനെ സ്‌റ്റൈലിഷാക്കുന്നത്. 

എതിരാളികളില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ഹൈനസിന്റെ ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.

പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് ഹൈനസിന്റെ ഡി.എല്‍.എക്സ് വേരിയന്റ് എത്തുന്നത്. അത്ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് ഡി.എല്‍.എക്സ് പ്രോ എത്തുന്നത്. 

കരുത്തേറിയ 350 സി.സി., എയര്‍ കൂള്‍ഡ് 4 സ്‌ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350-ക്ക് കരുത്തേകുന്നത്.  പി.ജി.എം.-എഫ്1 സാങ്കേതികവിദ്യയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. ഈ എന്‍ജിന്‍ 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Honda commences customer deliveries of H’ness-CB350

Content Highlights: