ജാവയും യെസ്ഡിയുമെത്തി, ഇനി ബി.എസ്.എയുടെ ഇലക്ട്രിക് ബൈക്ക്; ഉറപ്പിച്ച് ക്ലാസിക് ലെജന്‍ഡ്‌സ്

പ്രതീകാത്മക ചിത്രം | Photo: BSA Motorcycles Official
പ്രതീകാത്മക ചിത്രം | Photo: BSA Motorcycles Official

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയാണ് ജാവ, യെസ്ഡി തുടങ്ങിയ ഐതിഹാസിക ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ പുനര്‍ജന്മം നല്‍കിയത്. ഈ കമ്പനികള്‍ക്ക് പുറമെ, 2016-ല്‍ ബി.എസ്.എയും ക്ലാസിക് ലെജന്‍ഡ്‌സ് ഏറ്റെടുത്തിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബി.എസ്.എ. ബ്രാന്റിന് കീഴില്‍ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ക്ലാസിക് ലെജന്‍ഡ്‌സ് എന്നാണ് വിവരം.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍ വിഭാഗം മേധാവി ആനന്ദ് ജെജൂരികറാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 2016-ലാണ് ബെര്‍മിങ്ങ്ഹാം സ്‌മോള്‍ ആംസ് (ബി.എസ്.എ) കമ്പനി മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍ഡ്‌സ് ഏറ്റെടുക്കുന്നത്. ബി.എസ്.എ. മോട്ടോര്‍സൈക്കിളിന്റെ കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുക്കുന്നതിനായി ലണ്ടനില്‍ ടെക്‌നിക്കല്‍ റിസേര്‍ച്ച് സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര അറിയിച്ചിരുന്നു.  

ആദ്യഘട്ടത്തില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ എത്തിക്കാനാണ് ബി.എസ്.എ. പദ്ധതി ഒരുക്കിയിരുന്നതെങ്കിലും ഇത് ഇലക്ട്രിക്കിലേക്ക് മാറുകയായിരുന്നു. കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.കെ. സര്‍ക്കാര്‍ ബി.എസ്.എയ്ക്ക് 4.6 മില്ല്യണ്‍ പൗണ്ടിന്റെ ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു. ഈ ധനസഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ബി.എസ്.എ. ബ്രാന്റില്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കാനൊരുങ്ങുന്നതെന്നാണ് നിഗമനം.

അതേസമയം, 650 സി.സി. സിംഗിള്‍ സിലണ്ടര്‍ എന്‍ജിനിലുള്ള ഒരു ക്ലാസിക് മോട്ടോര്‍ സൈക്കിള്‍ ബി.എസ്.എ. പുറത്തിറക്കിയിട്ടുണ്ട്. ഗോള്‍ഡ് സ്റ്റാര്‍ എന്ന് പേരിട്ടിട്ടുള്ള ഈ ബൈക്ക് ഇന്ത്യയില്‍ നിര്‍മിക്കുകയും യു.കെ. ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമാണ് പദ്ധതി. ക്ലാസിക് ലെജന്‍ഡിസിന്റെ ആഗോള ബിസിനസ് കരുത്തുറ്റതാക്കാന്‍ ബി.എസ്.എ ബ്രാന്റിന് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയില്‍ ജാവയും യെസ്ഡിയുമായിരിക്കും പ്രാധാന നിര്‍മാതാക്കള്‍. 

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് 2016-ലാണ് ബര്‍മിങ്ങ്ഹാം സ്മോള്‍ ആംസ് (ബി.എസ്.എ) ഏറ്റെടുത്തത്. തോക്കുകള്‍ നിര്‍മിക്കുന്നതിനായി 1861-ലാണ് ബി.എസ്.എ. സ്ഥാപിച്ചത്. എന്നാല്‍, കമ്പനിയുടെ മെറ്റല്‍ വര്‍ക്കിങ്ങ് ഫാക്ടറികള്‍ പിന്നീട് സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തിലേക്ക് മാറുകയും 1950-ഓടെ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായി മാറുകയും ചെയ്തു.

Content Highlights: classic legends confirms BSA Electric bike for india, BSA Electric Bike