ബെനെലി ഇംപീരിയല്‍ 530 ഇന്ത്യയിലേക്ക് ചേക്കേറുന്നു; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

Image Courtesy: Bike Social
Image Courtesy: Bike Social

റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണിയെ ലക്ഷ്യമാക്കി ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളാണ് ബെനെലി ഇന്ത്യയിലേക്ക്‌. ഇംപീരിയാലെ 400 എന്ന ഒറ്റ മോഡലില്‍ ക്ലെച്ച് പിടിച്ച ഈ കമ്പനിയുടെ രണ്ടാമത്തെ മോഡലും ഇന്ത്യയിലെത്തുന്നെന്ന് സൂചന നല്‍കി പേറ്റന്റ് ഇമേജുകള്‍ പുറത്തുവന്നു. ഇംപീരിയല്‍ 530-ന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

നിലവില്‍ ഇന്ത്യയിലുള്ള ഇംപീരിയാലെ 400-ന്റെ അതേരൂപമാണ് ഇംപീരിയല്‍ 530-ക്കുമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ബൈക്ക് സോഷ്യല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ഇംപീരിയല്‍ 530-ന്റെ പേറ്റന്റ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ബുള്ളറ്റിന് സമാനമായി രൂപമാറ്റം വരുത്താതെ ഇംപീരിയാലെ 400-ന്റെ കരുത്തുയര്‍ത്തി എത്തിയ പതിപ്പാണിതെന്നാണ് സൂചന.

റെട്രോ രൂപമാണ് ഇംപീരിയല്‍ 530-ന്റെയും സവിശേഷത. റൗണ്ട് ഹെഡ് ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, നീളമേറിയ ഹാന്‍ഡില്‍ ബാര്‍ എന്നിങ്ങനെയാണ് ഇംപീരിയല്‍ 530-ന്റെ അടിസ്ഥാന ഡിസൈനുകള്‍. ഇംപീരിയലെ 400-ന് അടിസ്ഥാനമൊരുക്കുന്ന ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് ഈ വാഹനത്തിന്റെയും നിര്‍മാണം.

ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കും. സ്പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവ ഇതില്‍ ദൃശ്യമാകും. സുരക്ഷ ഉറപ്പാക്കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. ബോഡിയില്‍ പല ഇടങ്ങളിലായുള്ള ക്രോം ഫിനിഷിങ്ങുമുണ്ട്.

530 സിസി എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 30 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. 374 സിസി എന്‍ജിനാണ് ഇംപീരിയാലെ 400-ന്റെ ഹൃദയം. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍.

Content Highlights: Benelli Imperial 530 Patent Image Leaked 

Content Highlights: