രാവണോത്ഭവം; തപസ്സാട്ടത്തിൽ രാവണനായി പകർന്നാടി കലാമണ്ഡലം കൃഷ്ണ കുമാർ

കലാമണ്ഡലം കൃഷ്‌കുമാറിനെയും കലാമണ്ഡലം ഉണ്ണികൃഷ്ണനെയും ആദരിച്ചു | ഫോട്ടോ: അറേഞ്ച്ഡ്
കലാമണ്ഡലം കൃഷ്‌കുമാറിനെയും കലാമണ്ഡലം ഉണ്ണികൃഷ്ണനെയും ആദരിച്ചു | ഫോട്ടോ: അറേഞ്ച്ഡ്

ചെറുതുരുത്തി : കേരളകലാമണ്ഡലം വിദ്യാർത്ഥികൾ ഒരുക്കുന്ന 'അംബ ഫെസ്റ്റ്‌ - 2026 ൽ രാവണോത്ഭവം കഥകളിയിലെ തപസ്സാട്ടം എന്നഭാഗം അരങ്ങേറി. കലാമണ്ഡലം കൃഷ്ണകുമാർ ആണ് തപസ്സാട്ടം കൂത്തമ്പലത്തിൽ അവതരിപ്പിച്ചത്. അപൂർവമായി മാത്രം രംഗത്ത് അവതരിപ്പിക്കുന്ന അവതരണപ്രാധാന്യമേറിയ രാവണന്റെ പകർന്നാട്ടം കൃത്യമായ താള മേള ക്രമവും വീരരസ പ്രധാനമായ മുദ്രാഭിനയം കൊണ്ടും അതിന്റെ സമസ്ത സൗന്ദര്യവും ആസ്വാദക ഹൃദയത്തിലേക്ക് എത്തിച്ചുകൊണ്ടാണ് കലാമണ്ഡലം കൃഷ്ണകുമാർ രാവണന്റെ വേഷം രംഗത്ത് അവതരിപ്പിച്ചത്.

കലാമണ്ഡലം ഗോകുൽ കുംഭകർണനായും കലാമണ്ഡലം ആദിത്യൻ വിഭീഷണനായും വേഷമിട്ടു. സദനം ശിവദാസൻ, കലാമണ്ഡലം വിശ്വാസ് സംഗീതവും ശ്രീ.കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം വേണുമോഹൻ ചെണ്ടയും കലാമണ്ഡലം രാജു നാരായണൻ കലാമണ്ഡലം ശ്രീജിത്ത്‌ മദളവും കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം ഹൃഷി കലാമണ്ഡലം സനൽ ചുട്ടിയും രമേഷ്, അരുൺ അണിയറ പ്രവർത്തനവും ചെയ്തു.

‘എനിക്കേറ്റം സുഖം ഭവിച്ചു അതിനു കാരണം എന്ത്’ എന്ന ആട്ടത്തിലൂടെ രണ്ടു മണിക്കൂറിലധികം പക്കമേളം വെച്ച് മാത്രം രാവണനെ കേന്ദ്ര കഥാപാത്രമാക്കി ബ്രഹ്മാവിനെ തപം ചെയ്ത് വരം നേടി പ്രതാപശാലിയും വീരനായും ഇരിക്കുന്ന അവസ്ഥ എങ്ങനെ സംഭവിച്ചു എന്ന് ആലോചിക്കുന്നതും കുട്ടിരാവണൻ, കൈകസി, ബ്രഹ്മാവ് എന്നിവരുടെ വേഷങ്ങളിലൂടെയുള്ള പകർന്നാട്ടവുമാണ് രാവണോത്ഭവം-തപസ്സാട്ടത്തിലൂടെ ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ ആസ്വാദകരിലേക്ക് അവതരണ മികവോടെ എത്തിച്ചത്.

കഥകളി ആചാര്യൻ കലാമണ്ഡലം എം. പി. എസ്. നമ്പൂതിരിയും കലാമണ്ഡലം യൂണിയൻ പ്രതിനിധികളും ചേർന്ന് 2025 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാമണ്ഡലം കൃഷ്‌കുമാറിനെയും കലാമണ്ഡലം ഉണ്ണികൃഷ്ണനെയും ആദരിച്ചു.

Content Highlights: As part of the 'Amba Fest - 2026' organized by Kerala Kalamandalam students, Sangeet Natak Akademi awardee Kalamandalam Krishnakumar delivered a mesmerizing performance of the rarely staged 'Thapassattam' from the Kathakali play Ravanothbavam at the Koothambalam, accompanied by prominent artists.