പച്ചമുളകിന്റെ ഇലയുടെ മുരടിപ്പ് തടയാന്‍

Photo: Mathrubhumi Archives | Ridhin Damu
Photo: Mathrubhumi Archives | Ridhin Damu

വീട്ടില്‍ മുളകുകൃഷി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഇലകള്‍ മുരടിക്കുക, ചെടിയുടെ വളര്‍ച്ച നിലയ്ക്കുക, ഉണ്ടാകുന്ന മുളകുകള്‍ വികൃതമാകുക തുടങ്ങിയവ. ഇതുകൊണ്ടു മാത്രം മുളകുവളര്‍ത്തുന്നത് നിര്‍ത്തുന്നവരും ധാരാളം. ഇലപ്പേന്‍, വെള്ളീച്ച, മുഞ്ഞ, മണ്ഡരി തുടങ്ങിയ പ്രാണികളാണ് മുളകിന്റെ ഇലകള്‍ ചുരുളാനും മുരടിക്കാനും കാരണം. കൂടാതെ വൈറസ്ബാധയും ഇതിനിടയാക്കും.

നിയന്ത്രണ മാര്‍ഗങ്ങള്‍

1. വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ച ഇടവിട്ട് ഇലയുടെ അടിഭാഗത്തായി തളിക്കുക.

2. രണ്ടു ശതമാനം വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുക.

3. നിംബിസിഡിന്‍ 2.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.

4. കിരിയാത്ത് ഇടിച്ചുപിഴിഞ്ഞ നീര് സോപ്പുവെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്യുക. അല്ലെങ്കില്‍ ഗോമൂത്രം നാലിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു അതില്‍ കാന്താരിമുളക്സത്തും സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കണം.

5. ഒരു ലിറ്റര്‍ പുളിച്ചമോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും (അഞ്ചു ഗ്രാം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ചേര്‍ത്ത് ചെടിയില്‍ തളിക്കുന്നത് ഫലവത്താണെന്നു കൃഷിയിടനിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

ജൈവനിയന്ത്രണമാര്‍ഗങ്ങള്‍ ഫലവത്താകുന്നില്ലെങ്കില്‍ താത്പര്യമുള്ളവര്‍ക്കുവേണ്ട കരുതലോടെ ഇനി പറയുന്ന കീടനാശിനികള്‍ പ്രയോഗിച്ചു നോക്കാം. അക്ടാറ എന്ന കീടനാശിനി രണ്ടുഗ്രാം പത്തു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ അടിഭാഗത്തു മാത്രം തളിക്കുക.

അല്ലെങ്കില്‍ ഡൈമെത്തോയേറ്റ് എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലി പശയും ചേര്‍ത്ത് വളരുന്ന ഭാഗത്തും ഇലകളുടെ അടിഭാഗത്തും നന്നായി തളിക്കുക. കുറയുന്നില്ലെങ്കില്‍ ആവര്‍ത്തിക്കണം. ഓര്‍ക്കുക വീട്ടുകൃഷിയില്‍ ഇപ്പോഴും ജൈവനിയന്ത്രണവിധികള്‍ തന്നെയാണ് ഉത്തമം.

content Highlights: How to prevent the stunting of the green chilli leaf

Content Highlights: