ഒരു കൂട്ടുമുണ്ടകന്‍

By: സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍
മുണ്ടകന്‍ ഇനമായ മകരത്തിന് കൂട്ടായി വിരിപ്പ് ഇനമായ സ്വര്‍ണപ്രഭയും ചേര്‍ത്ത് കൂട്ടുമുണ്ടകന്‍ രീതിയില്‍ മികച്ച വിജയം കൊയ്തിരിക്കുകയാണ് കോഴിക്കോട് നരിക്കുനിയിലെ കോറോത്തും കണ്ടിയില്‍ അബൂബക്കര്‍.
പാട്ടത്തിനെടുത്ത ഒരേക്കര്‍ വയലില്‍ പരമാവധി പ്രയോജനമുണ്ടാക്കാനുള്ള അന്വേഷണമാണ് മുണ്ടുപാലം പാടശേഖര സമിതി സെക്രട്ടറി കൂടിയായ അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് സ്വന്തം നാട്ടുകാര്‍ക്ക് ഇത്തരം രീതി പരിചയപ്പെടുത്തി മാതൃകയാവുക കൂടിയായിരുന്നു ലക്ഷ്യം.
ഒന്നാം വിളയായ വിരിപ്പ്, രണ്ടാം വിളയായ മുണ്ടകന്‍ എന്നിവ 70:30 അനുപാതത്തില്‍ ഒരുമിച്ച് കൃഷിചെയ്യുന്ന സമ്പ്രദായമാണ് കൂട്ടുമുണ്ടകന്‍. മേടമാസത്തില്‍ വിതച്ച് കന്നിയോടെ വിളവെടുക്കുന്നതാണ് വിരിപ്പിന്റെ രീതി. ചിങ്ങം-കന്നിയോടെ തുടങ്ങി മകരത്തില്‍ വിളവെടുക്കുന്നതാണ് മുണ്ടകന്‍. കന്നിയില്‍ വിളവെടുപ്പിന് തയ്യാറാകുന്ന വിരിപ്പ് അരിഞ്ഞെടുക്കുമ്പോള്‍ത്തന്നെ മുണ്ടകനും അരിഞ്ഞെടുക്കുന്നു. മുണ്ടകന്‍ വീണ്ടും വളര്‍ന്ന് മകരത്തില്‍ വിളവെടുപ്പിനു തയ്യാറാകും.
കൂടുതല്‍ ചിനപ്പുകള്‍ വളരുന്നതിനാലാണ് ഇതിന്റെ വിത്ത് കുറഞ്ഞ അനുപാതത്തില്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും തണ്ടു തുരപ്പനെതിരേ പ്രതിരോധവുമുള്ള ഇനമാണ് സ്വര്‍ണപ്രഭ. കൂട്ടുമുണ്ടകന് പ്രത്യേകം നിര്‍ദേശിക്കപ്പെടുന്ന ഇനമാണ് മകരം. വെള്ളക്കെട്ട് മൂലം മുണ്ടകന്‍ വിതയ്ക്കാനോ ഞാറ് നടാനോ കഴിയാത്തിടത്ത് ഇത് ഏറെ പ്രയോജനമാണ്.
അത്തരം സ്ഥലങ്ങളില്‍ മുണ്ടകന്‍ മാത്രം നേരത്തേ വിതയ്ക്കുന്ന രീതിയായിരുന്നു കര്‍ഷകര്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചുവന്നത്. ഒരേ വിതയില്‍ രണ്ട് വിളകള്‍ വിതയ്ക്കുന്നതിനാല്‍ കൃഷിച്ചെലവ് കുറച്ച് ഉത്പാദനം കൂട്ടാനും സാധിക്കുന്നു. രണ്ടു വിളയ്ക്കും കൂടി നിലമൊരുക്കലും അടിവളപ്രയോഗവും ഒന്നു മതി എന്ന സൗകര്യവുമുണ്ട്. വിരിപ്പിന്റെ കൂടെ മുണ്ടകനും അരിഞ്ഞെടുക്കുന്നതിനാല്‍ വൈക്കോല്‍ കൂടുതലായി ലഭിക്കുന്നു.
ഇതിന്റെ പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മയുടെ മധുരമുണ്ടെന്ന് അബൂബക്കര്‍ പറയുന്നു. നരിക്കുനി കൃഷി ഓഫീസര്‍ ബി.ജെ. സീമയാണ് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. കൃഷി അസിസ്റ്റന്റ് തേജസ്സാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിത്തുകള്‍ പട്ടാമ്പിയിലെ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് ശേഖരിച്ച് നല്‍കിയത്. (ഫോണ്‍: 994602676).


VIEW ON mathrubhumi.com