ചട്ടിയില്‍ പത്ത് ക്യാരറ്റ് കൃഷി ചെയ്താലോ?

By: പ്രമോദ് മാധവന്‍/ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍
മനുഷ്യശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്. പൊണ്ണത്തടി കുറയ്ക്കാനും നല്ല കാഴ്ചശക്തിക്കും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ക്യാന്‍സറിനും ചെറുക്കാനുമൊക്കെ നിത്യേനയുള്ള ഉപയോഗം സഹായിക്കും.
ക്യാരറ്റ് സ്വന്തം വീട്ടില്‍ വിളയിക്കാമോ?
തീര്‍ച്ചയായും .ചട്ടികളിലോ ചാക്കുകളിലോ ഗ്രോബാഗുകളിലോ ക്യാരറ്റ് കൃഷി ചെയ്യാം. കുറഞ്ഞത് ഒരടിയെങ്കിലും ആഴത്തില്‍ നല്ല ഇളക്കവും വായുസഞ്ചാരവും ജൈവാംശവുമുള്ള മിശ്രിതമായിരിക്കണം ഉപയോഗിക്കേണ്ടത്.
കേരളത്തിന് പറ്റിയ ഇനങ്ങള്‍ സൂപ്പര്‍ കുറോഡ, ഷിന്‍ കുറോഡ എന്നിവയാണ്.
മിശ്രിതം തയ്യാറാക്കുന്ന രീതി
1 കുട്ട മണ്ണ്, 1 കുട്ട ചകിരിച്ചോറ്, ഒരു കുട്ട അഴുകിപ്പൊടിഞ്ഞ ചാണകം, ഒരു ഗ്രോബാഗിലേക്ക്/ചട്ടിയിലേക്ക് 100 ഗ്രാം എല്ലുപൊടിയും 100 ഗ്രാം വേപ്പിന്‍പിണ്ണാക്കും. വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് ഉമിയോ തെര്‍മോക്കോള്‍ തരികളോ ഉപയോഗിക്കാവുന്നതാണ്.
മിശ്രിതം നിറച്ചതിനുശേഷം 7 സെ.മീ അകലത്തില്‍ രണ്ട് വിത്തുകള്‍ വീതം പാകാം. ഒരുപാട് ആഴത്തില്‍ വിത്തിടരുത്. 9-10 ദിവസത്തിനുള്ളില്‍ വിത്തുകളെല്ലാം മുളയ്ക്കും. വളരെ സാവധാനത്തിലായിരിക്കും തുടക്കത്തിലുള്ള വളര്‍ച്ച. 25 ദിവസം കഴിയുമ്പോള്‍ ഒരു കുഴിയില്‍ ഒരു തൈ മാത്രം നിര്‍ത്തി മറ്റുള്ളവ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ചുകളയുക. തൈകള്‍ പറിച്ചുനടാന്‍ ഉപയോഗിക്കരുത്. എല്ലാ ആഴ്ചയും വളമായോ ബയോസ്ലറിയായോ കുറേശ്ശെ ഒഴിച്ചുകൊടുക്കുക.
80-85 ദിവസം കഴിയുമ്പോള്‍ മേല്‍മണ്ണിലേക്ക് ക്യാരറ്റ് കിഴങ്ങുകള്‍ ദൃശ്യമാകാന്‍ തുടങ്ങും. ആവശ്യാനുസരണം വിളവെടുക്കാം.


VIEW ON mathrubhumi.com