32,000 കർഷകർക്ക് പരിശീലനം, ലക്ഷങ്ങളുടെ സബ്സിഡി; കേരയിലൂടെ വയനാട്ടിലെ കാർഷിക മേഖലയിൽ വൻമാറ്റം

#അഗ്രി ഡെസ്ക്

അമ്പലവയൽ: വയനാട്ടിലെ കാപ്പി കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കത്തക്ക രീതിയിൽ കേര പദ്ധതിയിലൂടെ പ്രാധാന്യം നൽകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2026 അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാടൻ കോഫിക്ക് വളരെയേറെ പ്രത്യേകതയുണ്ട്. പശ്ചിമ ഘട്ട മലനിരകളാലും കേരളത്തിന്റെ പ്രത്യേക കാലാവസ്ഥ കൊണ്ടും വയനാട്ടിലെ കാപ്പി ഏറെ പ്രസിദ്ധമാണ്. കാപ്പി കർഷകരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി 2365 കോടിയുടെ ബ്രഹദ് പദ്ധതിയായ കേര ( കേരള ക്ലൈമെറ്റ് റിസിലിയന്റ് അഗ്രി- വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതിയിലൂടെ സാധിക്കും. 32000 കർഷകർക്ക് നാല് വർഷം കൊണ്ട് പരിശീലനം നൽകും. ജലസേചനം, വിപണനം, സർട്ടിഫിക്കേഷൻ, വർക് ഷോപ്പുകൾ തുടങ്ങിയവയിൽ കർഷർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. 25 സെന്റ് മുതൽ പത്ത് ഹെക്ടർ വരെയുള്ള കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒരു ഹെക്ടറിന് ഒരു ലക്ഷത്തി പതിനയ്യായിരം രൂപ വരെ സബ്സിഡിയും ലഭിക്കും. മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറികൾക്ക് 6 ലക്ഷം സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ പൂപ്പൊലി ഏറ്റവും പ്രധാനപ്പെട്ട പുഷ്പമേള ആയി മാറിയിരിക്കുകയാണ്. പൂപ്പൊലി കേരളത്തെയും ലോകത്തെയും ആകർഷിക്കുന്ന തരത്തിൽ മാറുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്റെ മാനസിക ഘടനയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുവാൻ പൂക്കളിലൂടെ സാധിക്കുന്നു. കൃഷിയിലേർപ്പെട്ടിരിക്കുന്നവർക്ക് ആയുർ ദൈർഘ്യം കൂടുതലാണ് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. പൂക്കളുടെ പരിപാലനം മാനസികമായും സന്തോഷവും തൃപ്തിയും നൽകുന്നുണ്ടെന്നും വിഷാദം കുറയ്ക്കാൻ സഹായിക്കുന്നു എന്നും പഠനങ്ങൾ പറയുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം മേഖലയ്ക്ക് ഉണർവാണ് ഇത്തരം അന്താരാഷ്ട്ര പുഷ്പമേളകളെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ കാർഷിക മേഖല നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് മുന്നോട്ടുപോകുന്നത്. കാർഷിക മേഖലയിൽ കർഷകർക്ക് ഏറെ പ്രയോജനകരമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. വയനാട്ടിലെ കുരുമുളക് കർഷകരുടെ മഞ്ഞളിപ്പ് രോഗവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സയന്റിസ്റ്റുമാരായ ഡോ. ബിജു, ഡോ. പ്രവീണ, കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. യാമിനി വർമ്മ എന്നിവരെ ചുമതലപ്പെടുത്തിയെന്നും ഏലം കർഷകരെയും റബ്ബർ കർഷകരെയും സഹായിക്കുന്ന പദ്ധതികളും കേര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlights: Wayanad`s coffee farmers to benefit from Kerala`s Kera scheme. Training & subsidies of ₹1.15 Lakh/hectare for 32,000 farmers.