തേങ്ങയിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ, വാര്‍ഷിക വിറ്റുവരവ് 98 കോടി; വെളിച്ചെണ്ണ മാത്രമല്ല തേങ്ങ

അപെക്‌സ് കോകോ പ്രൊഡക്ട്‌സ്, ആര്‍.ആര്‍. ശ്രീനിവാസന്‍ | Photo: x.com/ApexCoconuts
അപെക്‌സ് കോകോ പ്രൊഡക്ട്‌സ്, ആര്‍.ആര്‍. ശ്രീനിവാസന്‍ | Photo: x.com/ApexCoconuts

'കേരളത്തില്‍ എല്ലാമുണ്ട്. മഴയും പുഴയും നാളികേരവുമെല്ലാം. പക്ഷേ, നാളികേരത്തെക്കുറിച്ചുള്ള മലയാളിയുടെ മനസ്സിലെ കാഴ്ചപ്പാട് മാറ്റണം. നാളികേരം എന്നാല്‍ വെളിച്ചെണ്ണയാണ് എന്ന സങ്കല്പം മാറ്റേണ്ട കാലം കഴിഞ്ഞു'-പറയുന്നത് തമിഴ്‌നാട് സ്വദേശിയായ വ്യവസായി ആര്‍.ആര്‍. ശ്രീനിവാസന്‍. കൊച്ചിയില്‍ നാളികേര വികസന ബോര്‍ഡിന്റെ നാളികേര ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ തുണി ബിസിനസായിരുന്നു ശ്രീനിവാസന്. പുതുതായി എന്തെങ്കിലും തുടങ്ങണമെന്ന ആലോചന തേങ്ങയിലെത്തി. 2016-ല്‍ ഈ ആശയവുമായി സമീപിച്ചപ്പോള്‍ നാളികേര വികസന ബോര്‍ഡ് പ്രോത്സാഹിപ്പിച്ചു. സ്വയം കാര്യങ്ങള്‍ പഠിച്ച് അപെക്‌സ് കോകോ എന്ന സ്ഥാപനം ആരംഭിച്ചു. ഏഴ് വ്യാപാര പങ്കാളികള്‍ ഉണ്ട്. ശ്രീനിവാസനാണ് എം.ഡി. 

വെര്‍ജിന്‍ കോക്കനട്ട് എണ്ണ, തേങ്ങാപ്പാല്‍, ഇളനീര്‍ എന്നിവ മുതല്‍ ചകിരി വരെ ഇവിടെ ഉത്പന്നമാണ്. വാനില, ബനാന, സ്‌ട്രോബെറി ഫ്‌ളേവറുകളിലുള്ള തേങ്ങാപ്പാലും ഉണ്ട്. അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. രാജ്യത്തെ മികച്ച നാളികേര ഉത്പന്ന കമ്പനികളിലൊന്നായി അപെക്‌സ് മാറിയത് വൈവിധ്യവത്കരണം കൊണ്ടാണെന്ന് ശ്രീനിവാസന്‍. 160 കോടി രൂപ ബാങ്ക് വായ്പയെടുത്തായിരുന്നു തുടക്കം. 250 കോടിയായിരുന്നു മൂലധനം. ഇപ്പോള്‍ വാര്‍ഷിക വിറ്റുവരവ് 98 കോടിയാണ്.
 

Content Highlights: value added products from coconut Apex Coco