തലനാടന്‍ ഗ്രാമ്പൂവിന് ഭൗമസൂചികാപദവി, വിപണികളില്‍ പ്രിയമേറും

തലനാടൻ ഗ്രാമ്പൂ
തലനാടൻ ഗ്രാമ്പൂ

കോട്ടയം ജില്ലയിലെ തലനാട്ടിലും പരിസരങ്ങളിലും കൃഷിചെയ്യുന്ന തലനാടന്‍ ഗ്രാമ്പൂവിന് ഭൗമസൂചികാപദവി. സവിശേഷ വിളകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ പദവി, കേരള കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റര്‍, കൃഷിവകുപ്പ്, തലനാടന്‍ ക്ലോവ് ഗ്രോവേഴ്സ് ആന്‍ഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ കൂട്ടായശ്രമഫലമായാണ് ലഭിച്ചത്.

മൊട്ടിന്റെ ആകര്‍ഷക നിറം, വലുപ്പം എന്നിവകൊണ്ട് വിപണിയില്‍ മുമ്പേതന്നെ ശ്രദ്ധ നേടിയതാണ് ഈ ഗ്രാമ്പൂ. ഭൗമസൂചികാപദവി ലഭിച്ചതോടെ ദേശീയ, അന്തര്‍ദേശീയ വിപണികളില്‍ ഇതിന് പ്രിയമേറുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മീനച്ചില്‍ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ ഗ്രാമ്പൂകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്.

ഈ പ്രത്യേകതകള്‍ ഇവിടത്തെ ഗ്രാമ്പൂവിന്റെ സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവ വര്‍ധിപ്പിക്കുന്നു. ഡിസംബര്‍-ജനുവരിയാണ് വിളവെടുപ്പ്. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടന്‍ ഗ്രാമ്പൂ കൃഷി ചെയ്യുന്നു.

തലനാടന്‍ ഗ്രാമ്പൂ എന്ന ബ്രാന്‍ഡില്‍ത്തന്നെ ഇത് വിപണിയില്‍ എത്തിക്കാന്‍ നടപടി ആരംഭിച്ചതായി തലനാടന്‍ ക്ലോവ് ഗ്രോവേഴ്സ് ആന്‍ഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. കേരളത്തില്‍നിന്ന് ഭൗമസൂചികാപദവി ലഭിച്ചവ 36 ഉത്പന്നങ്ങളില്‍ 23 എണ്ണവും കാര്‍ഷികോത്പന്നങ്ങളാണ്.
 

Content Highlights: Thalanadu clove get Geographical Indication GI tag