സൂര്യകാന്തിവസന്തം കാണണോ....മുട്ടുകാട്ടിലേക്ക് വരൂ

കുഞ്ചിത്തണ്ണി: സൂര്യകാന്തിപ്പാടം കാണണമെങ്കിൽ ഇനി തമിഴ്നാട്ടിലേക്ക് പോകേണ്ടതില്ല. ‘ഹൈറേഞ്ചിലെ കുട്ടനാട്’ എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്താണ് സൂര്യകാന്തി പൂത്തുനിൽക്കുന്നത്.
നയനമനോഹരമാണ് സൂര്യകാന്തിപ്പാടത്തെ കാഴ്ച. മുട്ടുകാട് പാടശേഖരത്തിലെ പുതിയ വീട്ടിൽ ജിജോ എന്ന കർഷകനാണ് തന്റെ അരയേക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോൾ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് സൂര്യകാന്തിപ്പാടം കാണുന്നതിന് ഇവിടെയെത്തുന്നത്. കഴിഞ്ഞവർഷം മുട്ടുകാട് പാടശേഖരത്തിൽ കുത്തരിക്ക് ഒപ്പം ബസുമതി അരികൂടി കർഷകർ കൃഷിചെയ്തിരുന്നു.
ചിന്നക്കനാലിൽനിന്ന് ഇറങ്ങിവരുന്ന വിനോദസഞ്ചാരികളെല്ലാം സൂര്യകാന്തിപ്പാടം കണ്ട് ഫോട്ടോ എടുക്കുന്നതിന് ഇവിടെ വാഹനം നിർത്തുന്ന കാഴ്ചയാണ് ഇപ്പോൾ മുട്ടുകാട് നിവാസികൾക്ക് കാണാനാകുന്നത്. ജലക്ഷാമംമൂലം മുട്ടുകാട്ടിലെ പാടശേഖരത്തിൽ ഇപ്പോൾ വർഷത്തിൽ ഒരു തവണ മാത്രമേ നെൽകൃഷി ഇറക്കുന്നുള്ളൂ. മറ്റ് സമയങ്ങളിൽ തരിശായി കിടക്കുന്ന പാടത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തിന്റെ വേനൽക്കാല കൃഷി പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതിക്ക് ഒന്നരലക്ഷം രൂപയാണ് ബൈസൺവാലി പഞ്ചായത്ത് അനുവദിച്ചത്. അതിലെ ഫണ്ടുപയോഗിച്ചാണ് ജിജോ പാടശേഖരത്തിലെ തന്റെ കൃഷിയിടത്ത് സൂര്യകാന്തി കൃഷിയിറക്കിയത്. എന്തായാലും മൂന്നാറിന്റെ ടൂറിസംമാപ്പിൽ മുട്ടുകാട്ടിലെ സൂര്യകാന്തി പാടവും ഇടം നേടിയിരിക്കുകയാണ്.
Content Highlights: sunflower spot near muttukkad, idukki