പാടങ്ങളിലെ ചെമ്മീൻ ഉത്പാദനം; ശാസ്ത്രീയ മാർഗരേഖ നടപ്പിലാക്കണമെന്ന് കയറ്റുമതി മേഖല

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കൊച്ചി: പാടശേഖരങ്ങളിലെ ഉത്പാദനം ഉയർത്താൻ സുസ്ഥിര മാർഗരേഖകൾ രൂപവത്കരിച്ച് നടപ്പിൽവരുത്തണമെന്ന് സീ ഫുഡ് എക്സ് പോർട്ടേഴ്സ് അസോസിയേഷൻ, കേരള റീജിയൺ ആവശ്യപ്പെട്ടു.

ചെമ്മീൻ കൃഷിയിലെ സുസ്ഥിര ഉത്പാദനത്തിന് മാതൃകയാണ് കേരളത്തിലെ പരമ്പരാഗത പൊക്കാളി/കൈപ്പാട് പാടശേഖരങ്ങൾ. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻറ് ഫിഷറീസ് വകുപ്പിലെ ഒരു സംഘം വിദ്യാർത്ഥികൾ ഡോ. പ്രമോദ് കിരണിന്റെ നേതൃത്വത്തിൽ ഉത്പാദനക്ഷമത പുനരവലോകനം ചെയ്യുന്ന പഠനം കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസിൽ  അവതരിപ്പിച്ചിരുന്നു.

എറണാകുളം ജില്ലയിലെ 30 പരമ്പരാഗത ചെമ്മീൻ പാടങ്ങളിലാണ് പഠനം നടത്തിയത്. കാര, നാരൻ, പുടൻ, തെള്ളി തുടങ്ങിയവയാണ്  കൃഷിയിലെ മുഖ്യ ഇനങ്ങൾ. വേലിയേറ്റ ഇറക്ക സമയത്തെ വെള്ളം കയറ്റി ഇറക്കലും,  ചെമ്മീൻ മത്സ്യ വിത്തുകളുടെ നിക്ഷേപവും, അമാവാസി/പൗർണ്ണമി തക്കങ്ങളിലെ ചെമ്മീൻ വാറ്റുമാണ്  കൃഷിയുടെ അടിസ്‌ഥാന രീതി.   

ഉത്പാദനക്ഷമത ഉയർത്താൻ കർഷകർ ചെയ്യുന്ന മാർ​ഗങ്ങൾ-

1) ഹാച്ചറിയിൽ വിരിയിച്ച ചെമ്മീൻ കുഞ്ഞുങ്ങളും, കായലിൽ നിന്ന് അരിച്ചെടുക്കുന്ന ചെമ്മീൻ വിത്തും പാടങ്ങളിൽ നിക്ഷേപം.

2)  കൃത്രിമ തീറ്റ നൽകുകയും, ജലത്തിന്റെ ഗുണനിലവാരം നിലനിർത്താൻ വേണ്ട ഇടപെടലുകൾ.

3) വിളവിന്റെ സംരക്ഷണത്തിനായി മുഴുവൻ സമയ തൊഴിലാളികളെ നിയമിക്കുന്നു.  

എല്ലാ കൃഷിയിടങ്ങളിലെയും കൃഷിരീതി സമാനമല്ലാത്തതിനാൽ ഉത്പാദനത്തിൽ വലിയ വ്യതിയാനം നിലനിൽക്കുന്നതായി പഠനം കണ്ടെത്തി. വനാമി ചെമ്മീൻ കൃഷിയുടെ വരവോടെ ഇന്ത്യയുടെ ചെമ്മീൻ ഉത്പാദനം കുതിച്ചുയരുന്ന കാലമാണിത്. എന്നാൽ പരമ്പരാഗത കർഷകർ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. 

ഫിഷറീസ് വകുപ്പും ഈ മേഖലയിലെ ഗവേഷകരും സംയുക്തമായി പരിശ്രമിച്ചാൽ പരമ്പരാഗത മേഖലയുടെ ഉത്പാദനം ഇനിയും ഏറെ ഉയർത്താൻ സാധിക്കും. ഇതുവഴി നഷ്ടം ഭയന്ന് കൃഷിയിൽ നിന്ന് പിൻവാങ്ങിയ കർഷകർക്കും തിരിച്ചുവരാനുള്ള അവസരമൊരുങ്ങുമെന്ന് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.

Content Highlights: shrimp production export sector should use scientific guidelines