റബ്ബർ ആവർത്തനക്കൃഷി; സബ്‌സിഡി പുനഃസ്ഥാപിച്ചു, ഒക്ടോബർ 31 വരെ അപേക്ഷിക്കാം

ആലത്തൂർ: റബ്ബർ ആവർത്തനക്കൃഷിക്ക് റബ്ബർ ബോർഡ് സബ്‌സിഡി പുനരാരംഭിച്ചു. 2017-ൽ സബ്‌സിഡി നൽകുന്നത് നിർത്തിയിരുന്നു. പിന്നീട് ചില വർഷങ്ങളിൽ അപേക്ഷ ക്ഷണിച്ചെങ്കിലും ആനുകൂല്യം ലഭിച്ചിരുന്നില്ല. തോട്ടത്തിലെ പ്രായമായ റബ്ബർ മരങ്ങൾ മുറിച്ച് കൂടത്തൈ നടാൻ ഹെക്ടറിന് 40,000 രൂപ ഈ വർഷം ലഭിക്കും.
കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ മുഖേന ഒക്ടോബർ 31 വരെ കർഷകർ സ്വയം അപേക്ഷ നൽകണമെന്ന് റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ആവശ്യമായ രേഖകൾ ബോർഡ് ഫീൽഡ് ഓഫീസർമാരെ കാണിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്.
സബ്‌സിഡിയിൽ വിവേചനം
റബ്ബർ ബോർഡ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷിക്ക് ഹെക്ടറിന് 1.5 ലക്ഷം രൂപയാണ് സബ്‌സിഡി നൽകുന്നത്. കേരളത്തിൽ ഇത് 40,000 രൂപമാത്രം. ഗോത്രവർഗമേഖലകളിൽ പ്രത്യേക പദ്ധതിയായി പുതുതായി റബ്ബർ തൈ നട്ടുകൊടുക്കുകയും പരിപാലനത്തിലും ടാപ്പിങ്ങിലും പരിശീലനം നൽകുകയും ചെയ്യും. പരമ്പരാഗത റബ്ബർ കൃഷി മേഖലകൾ ഉൾപ്പെടുന്ന കേരളം, തമിഴ്‌നാട്, കർണാടക, ഗോവ സംസ്ഥാനങ്ങൾക്ക് ഈ ആനുകൂല്യം ഇല്ല.
വിലസ്ഥിരതാ ഫണ്ട് ഉയർത്തിയില്ല
റബ്ബറിന്റെ വില കിലോഗ്രാമിന് 180 രൂപയിൽ കുറഞ്ഞാൽ കർഷകരെ സഹായിക്കാൻ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയതാണ് റബ്ബർ വിലസ്ഥിരതാ ഫണ്ട്. നിലവിൽ റബ്ബർവില ഇതിലും ഉയർന്നുനിൽക്കുന്നതിനാൽ പദ്ധതി നിലവിലില്ല. 180 രൂപയെന്നത് 250 ആയി ഉയർത്തുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം സംസ്ഥാനസർക്കാർ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 2002-ൽ റബ്ബർ ബോർഡ് നടത്തിയ സർവേയിൽ ഒരു കിലോ റബ്ബർ ഉത്‌പാദിപ്പിക്കാൻ 172 രൂപ ചെലവു വരുമെന്നായിരുന്നു കണക്ക്.
Content Highlights: Rubber Board restarts replanting subsidy of ₹40,000/hectare. Apply via Service Plus portal by Oct 31