റബ്ബർവില കിലോയ്‌ക്ക് 226; മാന്ത്രികസംഖ്യ അരികെ

പ്രതീകാത്മക ചിത്രം |Photo: PTI
പ്രതീകാത്മക ചിത്രം |Photo: PTI

കോട്ടയം: പതിറ്റാണ്ടിലെ റെക്കോഡിലെത്തിയ റബ്ബർവില മാന്ത്രികസംഖ്യ തൊടുമെന്ന പ്രതീക്ഷയിൽ വിപണി. ആർ.എസ്.എസ്. നാലിന് 226 രൂപയാണ് ബോർഡിന്റെയും വ്യാപാരികളുടെയും വില. ഒരാഴ്ചകൊണ്ട് 10 രൂപ കൂടി. ഈ നില തുടർന്നാൽ വില 250 എത്തുമെന്നാണ് പ്രതീക്ഷ. 2011 ഏപ്രിൽ അഞ്ചിന് ലഭിച്ച 243 രൂപയാണ് വിലയിലെ സർവകാല റെക്കോഡ്.

വിലകൂടുമ്പോഴും വേണ്ടത്ര ഷീറ്റ് വിപണിയിലെത്തുന്നില്ല. ലാറ്റക്സിന് ലഭിക്കുന്ന മികച്ചവിലയാണ് കൃഷിക്കാരെ ഷീറ്റുത്പാദനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ലാറ്റക്സിന് 60 ശതമാനം ഡി.ആർ.സി.ക്ക് 173 രൂപയാണ് വില. ലാറ്റക്സ് വിലയും സർവകാല റെക്കോഡിലാണ്.

പത്തുവർഷത്തിനിടയിലെ ഉയർന്നവിലയാണിതെന്ന് ലാറ്റക്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് ഏബ്രഹാം പറഞ്ഞു. വിലയുണ്ടെങ്കിലും ലാറ്റക്സും വേണ്ടത്ര ലഭിക്കുന്നില്ല.

റബ്ബർവിലയിലെ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതെന്ന് ഉത്പാദകസംഘം ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. പ്രമുഖ ഉത്പാദകരാജ്യങ്ങളിൽ മരങ്ങളിലെ രോഗംമൂലമുണ്ടായ തിരിച്ചടി മാറുന്നതേയുള്ളൂ. ഇതാണ് അന്താരാഷ്ട്രവിപണിയെ ഉണർത്തിയതെങ്കിലും കപ്പൽക്ഷാമമാണ് ഇന്ത്യൻവിപണിക്ക് ഗുണമായത്.

ബാങ്കോക്കിൽ 194.86 രൂപയാണ് ആർ.എസ്.എസ്. നാലിന്റെ വില. 32 രൂപയുടെ വ്യത്യാസം തദ്ദേശീയവിപണിയുമായി നിലനിൽക്കുന്നു.

Content Highlights: rubber price rises