റബ്ബർ വിലയിലെ ഉണർവ്: ഷീറ്റിനൊപ്പം ലാറ്റക്‌സ്‌ വിലയും ഉയരുന്നു, കർഷകർക്ക്‌ പ്രതീക്ഷ

പ്രതീകാത്മക ചിത്രം |Photo: PTI
പ്രതീകാത്മക ചിത്രം |Photo: PTI

കോട്ടയം: കർഷകർക്ക്‌ പ്രതീക്ഷയുണർത്തി റബ്ബർ വിലയിൽ ഉണർവ്‌. ആർഎസ്‌എസ്-4 കിലോയ്‌ക്ക്‌ ശരാശരി 196-198 രൂപയായിരുന്നത്‌ മേയ്‌ 28-ന്‌ 200-ലെത്തി. ഷീറ്റിനൊപ്പം ലാറ്റക്‌സ്‌ വിലയും ഉയരുകയാണ്‌. ലാറ്റക്‌സ്‌ വില ഇപ്പോൾ 200-ന്‌ മുകളിലാണ്‌.

മഴയായതിനാൽ ഉത്‌പാദനം കുറഞ്ഞതാണ്‌ വിലയിൽ ഉണർവിന്‌ വഴിയൊരുക്കിയത്‌. വില ഉയർന്നുനിൽക്കുമ്പോൾ വിപണിയിൽ ആവശ്യത്തിന്‌ സ്റ്റോക്കില്ലെന്ന പ്രശ്‌നമുണ്ട്. വ്യാപാരികൾക്ക്‌ ആവശ്യത്തിന്‌ ഷീറ്റ് കിട്ടാനില്ല. ഭൂരിഭാഗം കർഷകരും മരങ്ങൾക്ക്‌ മഴമറയിടാഞ്ഞത്‌ കനത്തമഴയിൽ ടാപ്പിങ്ങിനെയും ബാധിച്ചു. തായ്‌ലാൻഡ്‌, ഇൻഡൊനീഷ്യ പോലുള്ള റബ്ബറുത്‌പാദക രാജ്യങ്ങളിൽ മഴ ശക്‌തമായതും ഉത്‌പാദനം കാര്യമായി മെച്ചപ്പെടാത്തതും ആഭ്യന്തരവിപണിക്ക്‌ ഗുണകരമായി. 

വ്യാപാരികൾക്ക്‌ ഷീറ്റ് കിട്ടാനില്ലാത്ത സാഹചര്യത്തിൽ റബ്ബർ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ്‌ കർഷകർക്ക്‌. എന്നാൽ മൂന്നുദിവസത്തെ അവധിക്കുശേഷം തുറന്ന ബാങ്കോക്ക്‌ വിപണിയിൽ ബുധനാഴ്ച പത്തുരൂപയാണ്‌ ഇടിഞ്ഞത്‌. ആർഎസ്‌എസ്‌-4 റബ്ബർവില 198-ൽനിന്ന്‌ 188 ആയി കുറഞ്ഞു. ചൈന വിപണിയിൽനിന്ന്‌ വിട്ടുനിൽക്കുന്നതാണ്‌ പെട്ടെന്നുള്ള വിലയിടിവിന്‌ കാരണമായി പറയുന്നത്‌. വിലയിടിവ്‌ ഇനിയും തുടർന്നാൽ അത്‌ ആഭ്യന്തരവിപണിയെ ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്‌.

Content Highlights: ubber prices are rising, boosting farmer hopes