വഞ്ചിവയലിലെ 'കറുത്തപൊന്ന്' ജര്‍മനിക്ക് രുചി പകരുന്നു

വണ്ടിപ്പെരിയാര്‍: വഞ്ചിവയല്‍ ആദിവാസി ഊരിലെ ജൈവ കുരുമുളകിന്റെ എരിവും രുചിയും ഇരുപതുവര്‍ഷമായി ആസ്വദിക്കുന്നത് ജര്‍മന്‍കാരാണ്. ഇവിടെനിന്ന് അങ്ങോട്ട് കയറ്റുമതി തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ഈ സീസണില്‍ (ഡിസംബര്‍-ഫെബ്രുവരി) 16963.1 കിലോഗ്രാം കുരുമുളക് കയറ്റിഅയച്ചു. കുടിക്കാര്‍ക്ക് ലഭിച്ചത് 1.27 കോടിരൂപ.
ജര്‍മന്‍ കമ്പനിയായ 'ഇക്കോലാന്‍ഡ്' ആണ്, വിപണിവിലയേക്കാള്‍ 50 ശതമാനത്തിലധികം നല്‍കി കുരുമുളക് വാങ്ങുന്നത്. കുരുമുളക് കയറ്റുമതിയിലൂടെ ഉയര്‍ന്ന വരുമാനം നേടുന്ന 'വഞ്ചിവയല്‍ ഊര്' കാര്‍ഷിക മാതൃകയാണ്. പെരിയാര്‍ കടുവ സങ്കേതത്തിന്റെയും വഞ്ചിവയല്‍ ഇക്കോ ഡിവലപ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
കയറ്റുമതി മാത്രം
പരമ്പരാഗതമായി പെരിയാര്‍ കാടുകളില്‍ താമസിക്കുന്ന ഊരാളി വിഭാഗത്തില്‍പ്പെട്ട ഗോത്രവര്‍ഗക്കാരാണ് വഞ്ചിവയലിലുള്ളത്. ഇവര്‍ കുരുമുളകാണ് കൂടുതലായി കൃഷിചെയ്യുന്നത്.
രാസകീടനാശിനിയോ, വളങ്ങളോ ഉപയോഗിക്കാത്ത കുരുമുളകിന് ഗുണമേന്‍മ ഏറെ. എന്നാല്‍, ഇവര്‍ക്ക് വിപണിയെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. ഇടനിലക്കാര്‍ ചുളുവിലയ്ക്ക് കുരുമുളക് വാങ്ങിക്കൊണ്ടുപോയി.
1998-ല്‍ പെരിയാര്‍ സങ്കേതത്തിന്റെ നേതൃത്വത്തിലാണ് ഊരില്‍ ഇക്കോ ഡിവലപ്മെന്റ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചത്. ഇടനിലക്കാരുടെ ചൂഷണം നിര്‍ത്താന്‍ ഈ കൂട്ടായ്മ തീരുമാനിച്ചു.
പെരിയാര്‍ സങ്കേതത്തിലെ അന്നത്തെ ഫെസിലിറ്റേറ്റര്‍ പി.എന്‍.സെബാസ്റ്റ്യന്റെയും മറ്റ് വനംവകുപ്പ് അധികൃതരുടെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ചാബെല്‍ ബയോ ഫുഡ്സ് ആന്‍ഡ് പ്രൈവറ്റ് എന്ന കമ്പനി വഴി ജര്‍മനിയിലേക്ക് കയറ്റി അയച്ചുതുടങ്ങി. വഞ്ചിവയല്‍ കുരുമുളകിന്റെ ഗുണമേന്‍മ മനസ്സിലാക്കിയ ജര്‍മനയിലെ ഇക്കോ ലാന്‍ഡ് എന്ന കമ്പനി പിന്നെ ഈ കുരുമുളക് കൈവിട്ടില്ല.
2006-ല്‍ കുരുമുളകിന് ജൈവസര്‍ട്ടിഫിക്കറ്റ് കിട്ടി. ഇക്കോ ലാന്‍ഡ് ഉടമ ജര്‍മന്‍കാരനായ റുഡോള്‍ഫ് വ്യൂളറും കുടുംബവും വര്‍ഷത്തില്‍ രണ്ടുതവണ ഊരിലെത്തും. കൃഷിയും, വിളയുടെ ഗുണമേന്‍മയും വിലയിരുത്തും.
കുരുമുളക് കൃഷിയുടെ മേന്‍മയിലൂടെ ഏറ്റവും നല്ല ജൈവ ഊരിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡ് 2018-ലും 2023-ലും വഞ്ചിവയല്‍ നേടി.
വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ.അജയഘോഷ്, ബി.എഫ്.ഒ.യും ഇ.ഡി.സി.സെക്രട്ടറിയുമായ പി.ആര്‍.കവിത ഇ.ഡി.സി.ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വഞ്ചിവയലിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Content Highlights: black pepper export to germany from kottayyam