തൊടിയിൽവീണ് പാഴായിപ്പോകില്ല! പാഷനാകുന്നു, പാഷൻഫ്രൂട്ട്; ഹൈബ്രിഡ് ഇനങ്ങൾക്ക് നല്ല ഡിമാൻഡ്

അമ്പലവയൽ: വിണിയിൽ നല്ലവിലകിട്ടാൻ തുടങ്ങിയതോടെ വയനാട് ജില്ലയിൽ പാഷൻഫ്രൂട്ട് കൃഷി വ്യാപിക്കുന്നു. വലിയ പരിചരണമില്ലാതെ വയലിലും കരയിലും നന്നായി വളരുന്ന പാഷൻഫ്രൂട്ട് മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിൽ ധാരാളമുണ്ട്. ഹൈബ്രിഡ് ഇനം പാഷൻഫ്രൂട്ടിനാണ് വിപണിയിൽ ഡിമാൻഡുള്ളത്.
തനിയേവളർന്ന് വിളഞ്ഞ് തൊടിയിൽവീണ് പാഴായിപ്പോകുന്ന ആ പഴയ പാഷൻഫ്രൂട്ടിന്റെ കഥമാറി. മറ്റുകൃഷികളെപ്പോലെതന്നെ ഗൗരവമായി ചെയ്യുന്നവർക്ക് നല്ല വരുമാനംനൽകുന്ന പഴവർഗമാണിന്ന് പാഷൻഫ്രൂട്ട്. വലിയ മുടക്കുമുതലില്ലാത്ത കൃഷിയിൽനിന്ന് നല്ല വരുമാനം കിട്ടാൻതുടങ്ങിയതോടെ പാഷൻഫ്രൂട്ട് കൃഷി ഇപ്പോൾ ഒരു പാഷനായിമാറുകയാണ്. അമ്പലവയൽ പഞ്ചായത്തിലെ കളത്തുവയലിൽ ഒട്ടേറെ കർഷകർ ഇത്തവണ കൃഷി പരീക്ഷിക്കുന്നുണ്ട്. ജൂണിൽ വിളവെടുപ്പാരംഭിച്ചപ്പോൾ കിലോയ്ക്ക് 100 രൂപവരെ വില ലഭിച്ചിരുന്നു. വിപണിയിലേക്ക് സാധനം കൂടുതൽ എത്തിത്തുടങ്ങിയതോടെ വിലകുറഞ്ഞു. നല്ല കായകൾക്ക് 40-50 രൂപവരെയാണ് ഇപ്പോൾ വിലയുള്ളത്. എങ്കിലും നഷ്ടമാകില്ലെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്.
ആദ്യപരീക്ഷണത്തിൽ കൃഷി വിജയിച്ച സന്തോഷത്തിലാണ് കളത്തുവയൽ ഒറവനാംതടത്തിൽ തങ്കച്ചൻ. മഞ്ഞ, വയലറ്റ് നിറമുള്ള മൂന്നിനം ഹൈബ്രിഡ് തൈകളാണ് ഇദ്ദേഹം നട്ടത്. വീടിനോടുചേർന്നുള്ള തോട്ടത്തിൽ മറ്റുകൃഷികൾക്കൊപ്പമാണ് പരീക്ഷിച്ചത്. കീടനാശിനികൾ പ്രയോഗിക്കാതെതന്നെ നല്ല വിളവുകിട്ടി. ഇത്തവണ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. തുടർച്ചയായ മഴ ചെടികൾ ചീയാൻ കാരണമായി. കായ്കൾ ചുരുങ്ങിപ്പോകുന്ന പ്രശ്നവും നേരിട്ടു. ചെറിയതോതിൽ മരുന്നുകൾ പ്രയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. കുറച്ചുസ്ഥലത്തുപോലും നന്നായി വിളയുകയും വരുമാനംതരുകയും ചെയ്യുന്നൊരു വിളയാണ് പാഷൻഫ്രൂട്ട്. കൂടുതലിടത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം -തങ്കച്ചൻ പറഞ്ഞു.
Content Highlights: Passion fruit farming is gaining popularity in Wayanad, Kerala, due to high demand and good prices