പണത്തിന് മീതെ പണത്തിൽ പറന്ന് വടക്കുകിഴക്ക് റബ്ബർ; 1100 കോടി പദ്ധതിക്ക് പുറമേ 145 കോടി ‘ആത്മ’ സഹായം

കോട്ടയം: വൻ കുതിപ്പ് നേടിയ വടക്കുകിഴക്കൻ റബ്ബർ മിഷന് കൂടുതൽ ഉത്തേജനം പകരാൻ 145 കോടിയുടെ അധിക സഹായം. ഐ സ്പീഡ് (ഇൻറോഡ് സ്കില്ലിങ് ആൻഡ് പ്രൊഡ്കഷൻ എഫിഷ്യൻസി എൻഹാൻസ്‌മെന്റ് ഡ്രൈവ്) എന്ന് പേരിട്ട പദ്ധതി ടയർ കമ്പനികളുടെ കൂട്ടായ്മയായ ‘ആത്മ’ (ഓട്ടോമോട്ടീവ് ടയർ മാന്യൂഫാക്ചേഴ്സ് അസോസിയേഷൻ) ആണ് നടപ്പാക്കുന്നത്. ‘ആത്മ’യുടെ 1100 കോടിയുടെ ഉത്തേജനപദ്ധതി ‘ഇൻറോഡ്സി’ന് പുറമേയാണിത്.
നാലുവർഷംകൊണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ റബ്ബർ കൃഷിക്കാരുടെ എണ്ണം 1.36 ലക്ഷമായി. ഇൻറോഡ് പദ്ധതി ലക്ഷ്യമിട്ടത് 2025-26 ആകുമ്പോൾ രണ്ടുലക്ഷം പുതിയ കൃഷിക്കാരെയാണ്. കോവിഡ് മൂലമുണ്ടായ തടസ്സങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ലക്ഷ്യം നേടാൻ കഴിയുമായിരുന്നുവെന്ന് ‘ആത്മ’ വിലയിരുത്തി. ഈ സാഹചര്യത്തിൽ സഹായപരിപാടി ഒരു വർഷംകൂടി നീട്ടുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ ഉത്പാദനം കുതിച്ചു കയറുമ്പോഴും ചരക്കിന്റെ ഗുണനിലവാരം മെച്ചമായിരുന്നില്ല. പലപ്പോഴും ചണ്ടിയായി വിപണനം നടത്തുന്നുണ്ടായിരുന്നു. പുതിയ പരിപാടിയിൽ 3000 ഇടത്ത് പുകപ്പുരകളും 3000 ഷീറ്റടി യന്ത്രങ്ങളും എത്തിക്കും. പൊതുവായി ഉപയോഗിക്കും വിധമാണ് ഇത് സജ്ജീകരിക്കുക. എല്ലാ കർഷകരെയും ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റുണ്ടാക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
Content Highlights: ₹145 crore additional aid for the Northeast Rubber Mission