എം.ഡി.2; വിദേശ വിപണി പിടിക്കാൻ ലക്ഷ്യമിട്ട് പുതിയ ഇനം പൈനാപ്പിൾ

കൊച്ചി: പൈനാപ്പിൾ വിപണിയിൽ താരമാകാൻ ഒരുങ്ങുകയാണ് എം.ഡി.2 ഇനം. നിലവിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മൗറീഷ്യസ് ഇനത്തിനെക്കാൾ ഉത്പാദനക്ഷമത കൂടുതലാണ് എം. ഡി.2-ന്. രുചിയിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന ഇവ കേരളത്തിൽ കൂടുതലായി നട്ടുപിടിപ്പിച്ച് വിദേശ വിപണികളിലേക്ക് അടക്കം കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തും മൂല്യവർധിത ഉത്പന്നങ്ങൾക്ക് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് എം.ഡി.2 ഇനം കൂടുതൽ വ്യാപകമാക്കുന്നത്.
കേരളത്തിൽ നിലവിൽ കൃഷിചെയ്യുന്ന മൗറീഷ്യസ് ഇനത്തിനെ അപേക്ഷിച്ച് എം.ഡി.2 കൂടുതൽ നാൾ സൂക്ഷിക്കാനാകും. അതായത്, മൗറീഷ്യസ് ഇനം പരമാവധി 12 ദിവസം കേടാകാതെ സൂക്ഷിക്കാമെങ്കിൽ എം.ഡി.2 ഒരു മാസംവരെ കേടുകൂടാതെ ഇരിക്കും. അതിനാൽ കണ്ടെയ്‌നർ വഴി വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നാണ് കർഷകർ പറയുന്നത്.
പെട്ടെന്ന് ചീഞ്ഞുപോകുന്നതിനാൽ നിലവിൽ കേരളത്തിൽനിന്നുള്ള പൈനാപ്പിൾ കയറ്റുമതി കുറവാണ്. അയയ്ക്കുന്നതുതന്നെ വിമാന മാർഗമാണ്. കപ്പൽ മാഗമാണെങ്കിൽ നിരക്ക് 99 ശതമാനത്തോളം കുറയ്ക്കാനാകും.
മൗറീഷ്യസ് ഇനം ഒരു ഏക്കർ തോട്ടത്തിൽ 12 ടൺ ലഭിക്കുമ്പോൾ എം.ഡി.2 പൈനാപ്പിൾ 18 ടൺ ലഭിക്കും. വർഷം 5-6 ലക്ഷം ടൺ പൈനാപ്പിൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. പുതിയ ഇനം എത്തുന്നതോടെ ഉത്പാദനം ഇനിയും ഉയരും. മാത്രമല്ല കർഷകർക്ക് മികച്ച നേട്ടവും ഇതുവഴി ലഭിക്കും. ഈ സീസണിൽ മൗറീഷ്യസ് പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 67 രൂപ വരെ ലഭിച്ചിരുന്നു.
നിലവിൽ മൗറീഷ്യസ് ഇനം ഗൾഫ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ, വാർഷിക ഉത്പാദനത്തിന്റെ 0.2 ശതമാനം മാത്രമാണ് കയറ്റുമതി. പുതിയ ഇനം എത്തുന്നതോടെ കയറ്റുമതി ഉയർത്താനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
ഈ വർഷം എം.ഡി.2 പൈനാപ്പിളിന്റെ ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൈനാപ്പിൾ കർഷകർ. ഇതിനോടകം 30,000 തൈകൾ നട്ടിട്ടുണ്ട്. വാഴക്കുളം പൈനാപ്പിൾ റിസർച്ച് സ്റ്റേഷൻ വികസിപ്പിച്ചെടുത്തതും പുണെയിൽ നിന്നുമാണ് ടിഷ്യുകൾച്ചർ തൈകൾ വാങ്ങിയത്. ഒരു തൈക്ക് 20 രൂപയോളമാണ് വില. അടുത്ത വർഷം വിപണിയിൽ എം.ഡി.2 പൈനാപ്പിൾ എത്തുമെന്നാണ് വാഴക്കുളത്തുള്ള പൈനാപ്പിൾ കർഷകർ പറയുന്നത്.
ആദ്യമായാണ് കർഷകർ മുൻകൈയെടുത്ത് പുതിയ ഇനം നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഇതിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ പിന്തുണയുമുണ്ട്.
Content Highlights: MD2 New variety of pineapple aimed at capturing foreign markets