മറയൂർ ശർക്കരയ്ക്ക് ഡിമാൻഡ്; വ്യാജനിറങ്ങിയിട്ടും വില ഇടിയാത്ത വർഷം

മറയൂർ: കൊതിപ്പിക്കുന്ന മധുരം. അതിനൊപ്പം ഗുണവും. മറയൂർ ശർക്കര അത്ര മേന്മയേറിയതാണ്. അതിനാലാണ് ആ തദ്ദേശ ശർക്കരയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത്. ഈ ഓണത്തിന് മറയൂർ ശർക്കരയ്ക്ക് ഡിമാൻഡും ഏറെയാണ്. കച്ചവടക്കാർക്ക് കോളടിച്ചെന്നുതന്നെ പറയാം. കിലോയ്ക്ക് കുറഞ്ഞത് 120 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്.
തമിഴ്നാട്ടിൽനിന്ന് വ്യാജ മറയൂർ ശർക്കര ഈ വർഷവും വിപണിയിലെത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ വ്യാജൻ കാരണം മറയൂർ ശർക്കരയുടെ വില ഇടിഞ്ഞിരുന്നു. ഇത്തവണ ഉപഭോക്താക്കൾ വ്യാജനെ തിരിച്ചറിയുന്നുണ്ട്. അതിനാൽ ശരിക്കുള്ള മറയൂർ ശർക്കരയുടെ ഡിമാൻഡ് ഉയരുകയാണ്.
പായസമൊന്ന് വെയ്ക്കണം
മറ്റ് ശർക്കരയെ അപേക്ഷിച്ച് മധുരകണങ്ങൾ കൂടുതൽ. തദ്ദേശീയമായി വിളയുന്ന കരിമ്പിൽനിന്ന് ഉത്‌പാദനം. ആന്റി ഓക്സിഡന്റ്‌സ് ധാരളം. മറയൂർ ശർക്കര ഉപയോഗിച്ച് പായസംവെച്ചുനോക്കണം. അടയോ, അരിയോ, ഗോതമ്പോ, പരിപ്പോ എന്തുമാകട്ടെ. പായസം കിടിലനാകും. മറയൂർ ശർക്കര ഉപയോഗിച്ചുള്ള പായസം ഒരുപ്രാവശ്യം കുടിക്കുന്നവർക്ക് പിന്നെ മറ്റൊരു ശർക്കര ചിന്തിക്കാൻപോലും പറ്റില്ലെന്നാണ് പറച്ചിൽ.
കർഷകർക്കും നല്ലോണം വേണം
മറയൂരിലെ പാടങ്ങളിൽ വിളയുന്ന കരിമ്പാണ് ശർക്കരയുടെ മധുരക്കാതൽ. ശർക്കര പരമ്പരാഗത രീതിയിൽ ഉത്‌പാദിപ്പിക്കുന്ന കർഷകരിൽനിന്ന് കച്ചവടക്കാർ വാങ്ങുന്നത് 70 മുതൽ 80 വരെ രൂപയ്ക്കാണ്. കഴിഞ്ഞവർഷവും ഇതേ തുകയാണ് കിട്ടിയത്. വിപണിയിൽ വിറ്റത് 100 രൂപയ്ക്കും.
ഇത്തവണ കിലോയ്ക്ക് 120 രൂപയാണ് ഏറ്റവും കുറഞ്ഞ വില. എന്നിട്ടും കർഷകന് കിട്ടുന്ന വില പഴയതുപോലെ. മറയൂർ സർവീസ് ബാങ്ക് സഹായിക്കുന്നതുകൊണ്ടാണ് ഇത്രയെങ്കിലും വില കർഷകർക്ക് ലഭിക്കുന്നത്. ന്യായവില നൽകി ശർക്കര സംഭരിക്കാൻ ബാങ്ക് ശ്രമിക്കാറുണ്ട്,.
വ്യാജ ശർക്കരയുടെ ഭീഷണിയും ഇടനിലക്കാരുടെയും കച്ചവടക്കാരുടെയും ചൂഷണവും കാരണം മുടക്കുമുതൽ പലപ്പോഴും കർഷകർക്ക് കിട്ടാറില്ല. ഇതുകാരണം പല കർഷകരും കരിമ്പുകൃഷി ഉപേക്ഷിച്ചു. മറയൂർ, കാന്തല്ലൂർ മേഖലയിൽ 2500 ഹെക്ടർ സ്ഥലത്ത് കരിമ്പുകൃഷിയുണ്ടായിരുന്നു. ഇന്ന് അത് 500 ഏക്കറായി ചുരുങ്ങി.
കർഷകരെ സഹായിക്കുന്നതിനോ ശർക്കരയ്ക്ക് നല്ല വിപണി കണ്ടെത്തുന്നതിനോ സർക്കാർ ഏജൻസികൾക്ക് കഴിയുന്നില്ല. മുമ്പ് കരിമ്പുകർഷകർക്ക് കൃഷിക്ക് സബ്സിഡി ആനുകൂല്യങ്ങൾ കൃഷി വകുപ്പ് നൽകിവന്നിരുന്നു. കരിമ്പുകൃഷി നിന്നുപോകാതിരിക്കാൻ സർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണ്.
Content Highlights: Authentic Marayoor jaggery sees high demand and stable prices this Onam season