നാളികേര മേഖലയുടെ സമഗ്ര വികസനത്തിന് 500കോടിയുടെ ബൃഹത് പദ്ധതി: വിത്തുമുതൽ കയറ്റുമതിവരെ സമഗ്ര ഇടപെടൽ

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. ലോക നാളികേര ദിനാഘോഷത്തോടനുബന്ധിച്ച് വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ നാളികേര വികസന ബോർഡുമായി ചേർന്ന് സംഘടിപ്പിച്ച സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം മുതൽ ഉൽപാദനക്ഷമത വർധന, ഇടവിള കൃഷി, മൂല്യവർധന, വിപണനം, കയറ്റുമതി വരെയുള്ള മേഖലകളെ ഏകോപിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ച് നാളികേര വികസന ബോർഡിന് സമർപ്പിക്കും.

മേന്മയേറിയ തെങ്ങിൻ തൈകളുടെയും നടീൽ വസ്തുക്കളുടെയും ഉൽപാദനം വർധിപ്പിക്കുക, ന്യൂക്ലിയർ സീഡ്‌നട്ട് ഗാർഡനുകൾ സജ്ജമാക്കുക, സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കി നഴ്‌സറികൾ ശക്തിപ്പെടുത്തുക, നിലവിലുള്ള തെങ്ങിൻ തോട്ടങ്ങളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് പ്രത്യേക കാർഷിക പാക്കേജുകൾ നടപ്പാക്കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്. നാളികേരാധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകും.

നാളികേര മേഖലയുടെ പുനരുജ്ജീവനം സംബന്ധിച്ച് കേന്ദ്ര കൃഷി–കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. നാളികേര പുനരുജ്ജീവന പദ്ധതി, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനം, കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കോകനട്ട് ഡെവലപ്മെന്റ് പാർക്ക് എന്നിവ ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണ അഭ്യർത്ഥിച്ച മന്ത്രി, വിത്ത് മുതൽ കയറ്റുമതി വരെയുള്ള മേഖലകൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയ്യാറാക്കി അടുത്ത മാസം കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അറിയിച്ചു.

സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റിൽ ഗവേഷകർ, കർഷക പ്രതിനിധികൾ, കർഷക ഉൽപ്പാദക സംഘടനകൾ, മൂല്യവർധിത മേഖലയിലെ വിദഗ്ധർ, സ്റ്റാർട്ടപ്പ് സംരംഭകർ തുടങ്ങിയവർ നാളികേര മേഖലയുടെ വികസനത്തിനായുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു. കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി സുഭാഷ് ടി.വി. ഐ.എ.എസ്., കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സുരേന്ദ്രൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അജയകുമാർ ഐ.എ.എസ്., കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഹാരീസ്, കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. റാണി, ബാലരാമപുരം കോക്കനട്ട് റിസർച്ച് സ്റ്റേഷൻ മേധാവി ഡോ. സന്തോഷ് കുമാർ, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. റോബർട്ട്, ഡോ. വിനോദ് മാത്യു, നാളികേര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുനിൽ ദേവസ്യ, നാളികേര വികസന ബോർഡിലെ ഡോ. ദീപ്തി, ജയനാഥ്, FPO പ്രതിനിധികളായ നിർമ്മൽ കുമാർ, ബിജു, സ്റ്റാർട്ടപ്പ് സംരംഭകൻ ആഷിൻ കൃഷ്ണ എന്നിവരും കർഷക പ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Content Highlights: A comprehensive Rs 500 crore project proposed for Kerala's coconut sector revival. Focuses on quality planting materials, productivity increase, intercropping, and value addition. Central government support sought through meetings with Union Minister Ram Nath Thakur. Involves stakeholder recommendations from researchers, farmers, and FPOs.