കേര സ്മാർട്ട് പദ്ധതി: കാർഷിക സംരംഭകർക്ക് ഒന്നരക്കോടി വരെ ഗ്രാന്റ്; അപേക്ഷിക്കേണ്ടത് എങ്ങനെ?

തിരുവനന്തപുരം: കേരളത്തിലെ കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ മത്സരക്ഷമമാക്കാനും ആധുനികവൽക്കരിക്കാനുമായി ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കേര സ്മാർട്ട്' (KERA SMART) പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ അഗ്രി-ഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം എന്നിവയിലൂടെ പുതിയ വളർച്ചയിലേക്ക് നയിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും സംസ്‌കരണ ശേഷിയും വർദ്ധിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംരംഭത്തിന് പരമാവധി ഒന്നരക്കോടി രൂപ വരെ ഗ്രാന്റ് ലഭ്യമാക്കും. കുറഞ്ഞത് മൂന്ന് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നതും മികച്ച വികസന സാധ്യതയുള്ളതുമായ എം.എസ്.എം.ഇ. (MSME) യൂണിറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഉത്പാദന, സേവന രംഗത്ത് പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പുറമെ, യന്ത്രസാമഗ്രികളിൽ 50 ലക്ഷം രൂപയിലധികം നിക്ഷേപമുള്ള മൈക്രോ യൂണിറ്റുകളെയും പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നതാണ്.
സംരംഭങ്ങളുടെ വികസന ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വിഭാഗങ്ങളിലായാണ് ധനസഹായം വിഭജിച്ചിരിക്കുന്നത്. സംഭരണശാലകൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ, സോളാർ പാനലുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയ ഹരിത നിക്ഷേപങ്ങൾക്ക് പദ്ധതി ചെലവിന്റെ 80 ശതമാനം വരെ ഗ്രാന്റ് ലഭിക്കും. കൂടാതെ, ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കേഷനുകൾ, ബ്രാൻഡിങ്, വിപണി വികസനം എന്നിവയ്ക്കും 80 ശതമാനം ധനസഹായം അനുവദിക്കും. നൈപുണ്യ പരിശീലനങ്ങൾക്ക് 60 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിന് 40 ശതമാനവുമാണ് ഗ്രാന്റ് അനുവദിക്കുക.
കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവിലൂടെ കർഷകർക്ക് മികച്ച വിലയും വിപണിയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും. താൽപ്പര്യമുള്ള സംരംഭകർക്ക് smartkera.kerala.gov.in/msme എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വഴുതക്കാടുള്ള കേരയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായോ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9037824033.
Content Highlights: Apply for the Kera Smart project and receive up to ₹1.5 crore in grants for agri-food MSMEs in Kerala. Boost your business today—check eligibility and apply now.