ഡ്രോൺ മുതൽ സ്മാർട്ട് ജലസേചനം വരെ: കേര അഗ്രി-നെക്സ്റ്റിൽ ഏഴ് സ്റ്റാർട്ടപ്പുകൾക്ക് ഹഡ്ഡിൽ ഗ്ലോബലിൽ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ കാർഷിക-അനുബന്ധ മേഖലകളിൽ നൂതന സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന കൃഷി വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ സ്റ്റാർട്ടപ്പ് ഘടകമായ കേര അഗ്രി-നെക്സ്റ്റിന് (KERA Agri-Next) ഔദ്യോഗിക തുടക്കമായി. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബലിന്റെ ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

ആദ്യഘട്ടത്തിൽ സംസ്ഥാനവ്യാപകമായി ലഭിച്ച 256 അപേക്ഷകളിൽ നിന്നും വിദഗ്ധ സമിതി നടത്തിയ രണ്ടുഘട്ട സാങ്കേതിക വിലയിരുത്തലിലൂടെ തിരഞ്ഞെടുക്കപ്പെട്ട 119 സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഏഴ് സ്റ്റാർട്ടപ്പുകൾക്കുള്ള ഗ്രാന്റ് ചടങ്ങിൽ പ്രഖ്യാപിച്ചു. ഓരോ സ്റ്റാർട്ടപ്പിനും 25 ലക്ഷം രൂപ വരെയാണ് കേര ഫണ്ടിലൂടെ ലഭ്യമാക്കുന്നത്. ഉൽപ്പന്നങ്ങളുടെ സാങ്കേതിക പരിഷ്കരണത്തിനും പ്രായോഗിക സാധൂകരണത്തിനുമായി ടെക്നോളജി റിഫൈൻമെന്റ് ആൻഡ് വാലിഡേഷൻ ഗ്രാന്റ് നൽകുന്നതിനുമായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 32 സംരംഭങ്ങളുടെ പട്ടികയും ചടങ്ങിൽ പ്രഖ്യാപിച്ചു.

ആകെ 150 കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുകയാണ് കേര അഗ്രി-നെക്സ്റ്റിന്റെ ലക്ഷ്യം. സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, പരീക്ഷണാവസരങ്ങൾ എന്നിവയിലൂടെ നൂതന ആശയങ്ങളെ കർഷകർക്കും കാർഷിക സംരംഭങ്ങൾക്കും പ്രയോജനപ്പെടുന്ന പരിഹാരങ്ങളാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കൃത്യതാ കൃഷി, കാർഷിക യന്ത്രവൽക്കരണം, ജലസേചനം, വിളവെടുപ്പാനന്തര സാങ്കേതികവിദ്യ, കർഷക ഉൽപ്പാദക കമ്പനികളുടെ ഡിജിറ്റൽവൽക്കരണം തുടങ്ങിയ മേഖലകളിൽ നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്ന ഫ്യൂസലേജ് ഇന്നവേഷൻസ്, ഗ്രാഫിറ്റോ ഇന്നവേഷൻസ്, എക്സ് ബോസൺ എ.ഐ., സൈറസ്‌ടെക് ഇന്നവേഷൻസ്, വാട്ടർഫാൾ ഓട്ടോമേഷൻ, ഫാർമേഴ്സ് ഫ്രഷ് സോൺ, ഫ്രൂവിടെക് എന്നിവയാണ് ആദ്യഘട്ട സഹായത്തിന് അർഹരായ സംരംഭങ്ങൾ.

കാർഷിക ഡ്രോൺ സാങ്കേതികവിദ്യ, പച്ചക്കറിത്തൈകളുടെ റോബോട്ടിക് ഗ്രാഫ്റ്റിങ്, ഉപഗ്രഹ-ഐ.ഒ.ടി. അധിഷ്ഠിത കൃത്യതാ കൃഷി, ഊർജക്ഷമമായ കാർഷിക ഉൽപ്പന്ന ഉണക്കൽ സംവിധാനം, സ്മാർട്ട് ജലസേചനം, കർഷക ഉൽപ്പാദക കമ്പനികൾക്കായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം, വിളവെടുപ്പാനന്തര സംഭരണ സാങ്കേതികവിദ്യ എന്നിവയാണ് ഇവയുടെ പ്രധാന സാങ്കേതിക പരിഹാരങ്ങൾ.