വിപണി ശക്തിപ്പെടുത്താന്‍ വി.എഫ്.പി.സി.കെ.; 'കേരള അഗ്രോ' ബ്രാന്‍ഡിനുള്ള സാധ്യത തേടും

പാലക്കാട്: കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ 'തളിര്‍' ബ്രാന്‍ഡിനുപുറമേ, 'കേരള അഗ്രോ' എന്ന സര്‍ക്കാര്‍ ബ്രാന്‍ഡില്‍കൂടി വിപണനം നടത്താന്‍ ആലോചനയുമായി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.). ഓണ്‍ലൈന്‍ വഴിയടക്കമുള്ള വിപണനവും കര്‍ഷകരുടെ വരുമാനവര്‍ധനയുമാണ് ലക്ഷ്യം. ഇതിന് കൃഷിവകുപ്പിന്റെ അനുമതിതേടിയതായി വി.എഫ്.പി.സി.കെ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. ശിവരാമകൃഷ്ണന്‍ പറഞ്ഞു.
സ്വാശ്രയ കര്‍ഷകസമിതികള്‍ ഉത്പാദിപ്പിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും വി.എഫ്.പി.സി.കെ.യുടെ 'തളിര്‍' എന്ന ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്നുണ്ട്. വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൃഷിവകുപ്പിനുകീഴിലുള്ള 'കേരള അഗ്രോ' ബ്രാന്‍ഡ് പേരിലും ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രോസസ് ചെയ്ത്, കവറിലാക്കിയ വാഴപ്പഴമാകും വിപണിയിലെത്തിക്കുക. നാലുവര്‍ഷംമുമ്പ് ആമസോണ്‍ വഴിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വി.എഫ്.പി.സി.കെ. തുടക്കമിട്ടിരുന്നെങ്കിലും പച്ചക്കറി വിത്തുകള്‍ക്കാണ് ഈ പ്ലാറ്റ്‌ഫോമില്‍ കൂടുതലും ആവശ്യക്കാരുണ്ടായിരുന്നത്.
പഴം, പച്ചക്കറികള്‍ക്കുകൂടി ആഗോളവിപണി കണ്ടെത്താനാണ് പുതിയനടപടി.
ഉത്പന്നങ്ങളുടെ 95 ശതമാനം വിലയും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ കേരള അഗ്രോ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നത് ആലോചിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights: VFPCK to strengthen the market;govt brand 'Kerala Agro' will gain more momentum