കേരവര്‍ഷം: 'കേരജം' വെളിച്ചെണ്ണയെത്തും

ആലപ്പുഴ: കേരവര്‍ഷത്തിന്റെ ഭാഗമായി നാളികേര കര്‍ഷകരെയും തെങ്ങുകൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിവകുപ്പ് വിപുലമായ പദ്ധതിയൊരുക്കുന്നു. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ഈയാഴ്ചമുതല്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.നാളികേര വികസന കോര്‍പ്പറേഷന്റെ പുതിയ വെളിച്ചെണ്ണയും സബ്സിഡിയോടെ കേരകര്‍ഷകര്‍ക്ക് തെങ്ങുകയറ്റ യന്ത്രവുമുള്‍പ്പെടെ വലിയ പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്.
പ്രധാന പദ്ധതികള്‍
'കേരജം' എന്നപേരില്‍ നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ വിപണിയിലെത്തിക്കും. സംസ്ഥാനത്ത് കോര്‍പ്പറേഷന്‍ കൂടുതല്‍ ഷോപ്പുകള്‍ തുറക്കും. 2000 രൂപ സബ്സിഡിയോടെ എല്ലാ കേരകര്‍ഷകര്‍ക്കും തെങ്ങുകയറ്റയന്ത്രം നല്‍കും. നീര ഉത്പാദനം കൂട്ടാന്‍ കൂടുതല്‍ നീര ടെക്നീഷ്യന്‍മാരെ നിയമിക്കും.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഗുണങ്ങളെപ്പറ്റി ബോധവത്കരണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളികേര അഗ്രോപ്പാര്‍ക്കുകള്‍ സ്ഥാപിക്കും. സംരംഭകരെ ആകര്‍ഷിക്കാന്‍ നാളികേര ഇന്‍കുബേഷന്‍ സെന്റര്‍ തുടങ്ങും. കിണര്‍, കുളം, പമ്പുസെറ്റ് എന്നിവ സ്ഥാപിക്കാന്‍ കര്‍ഷകന് ഹെക്ടര്‍ ഒന്നിന് 25,000 രൂപ സഹായം.
കായ്ഫലമുള്ള തെങ്ങ് രോഗത്താലോ പ്രകൃതിക്ഷോഭത്താലോ നശിച്ചാല്‍ തെങ്ങൊന്നിന് 2000 രൂപ നഷ്ടപരിഹാരം. കായ്ഫലമില്ലാത്തതിന് 200 മുതല്‍ 400 രൂപവരെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേറെയുമുണ്ടാകും. രോഗമുള്ള തെങ്ങ് വെട്ടി പുതിയത് വയ്ക്കാന്‍ പകുതി വിലയ്ക്ക് തെങ്ങിന്‍തൈ നല്‍കും.
നാളികേര സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനും സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി കണ്‍സോര്‍ഷ്യം ഉണ്ടാക്കി ധനസഹായം നല്‍കും. എല്ലാ ബ്ലോക്കിലും കോക്കനട്ട് ഫാം സ്‌കൂളുകള്‍. തെങ്ങുകൃഷി വ്യാപനത്തിന് പ്രത്യേക കാര്‍ഷികമേഖലകള്‍. 250 ഹെക്ടര്‍ വിസ്തൃതിയില്‍ 40 പുതിയ കേരഗ്രാമങ്ങള്‍.
എല്ലാ നിയോജകമണ്ഡലങ്ങളിലും തെങ്ങിന്‍തൈ നഴ്സറികള്‍ സ്ഥാപിക്കും. കുറിയ ഇനം തെങ്ങുകള്‍ക്കായി തോട്ടങ്ങളും നഴ്സറിയും. ഓരോ പഞ്ചായത്തിലും കേരസമിതികളോ സൊസൈറ്റികളോ സ്ഥാപിക്കും. പഞ്ചായത്തുതല കേരസമിതിക്ക് അഞ്ചുലക്ഷം വീതം ധനസഹായം. പഞ്ചായത്തുതല മാതൃകാ തെങ്ങ് പ്രദര്‍ശനത്തോട്ടങ്ങള്‍ സ്ഥാപിക്കും.
തെങ്ങിന്‍തോട്ടങ്ങളില്‍ പഞ്ചായത്ത് സഹായത്തോടെ കണികാ ജലസേചന പദ്ധതി. കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് തെങ്ങിലെ കീടരോഗ നിയന്ത്രണ ഗവേഷണം തുടങ്ങും. തെങ്ങിലെ കീടങ്ങളെ തുരത്താന്‍ പ്രചാരണപദ്ധതി.
കീട ആക്രമണം കൂടുതലുള്ള സ്ഥലങ്ങളെ ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ച് നടപടിയെടുക്കും. ഇവിടെ തെങ്ങൊന്നിന് മരുന്നടിക്കാന്‍ 100 രൂപവീതം. തെങ്ങോലപ്പുഴുവിനെ തുരത്താന്‍ ജൈവിക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. സംസ്ഥാനത്തുള്ള ഒന്‍പത് പരാദ പ്രാണി പ്രജനനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.


VIEW ON mathrubhumi.com