കിലോയ്ക്ക് 20 രൂപവരെ; തേങ്ങയ്ക്കൊപ്പം ഡിമാൻഡ് കൂടി ചിരട്ടയും

കൊല്ലം രാമൻകുളങ്ങരയിലെ ആക്രിക്കടയിൽ ചിരട്ട ശേഖരിക്കുന്ന മണലിൽ സുബൈർ
കൊല്ലം രാമൻകുളങ്ങരയിലെ ആക്രിക്കടയിൽ ചിരട്ട ശേഖരിക്കുന്ന മണലിൽ സുബൈർ

കൊല്ലം: തേങ്ങയ്ക്കൊപ്പം ചിരട്ടയ്ക്കും ഡിമാൻഡ് കൂടി. പണ്ട് ആക്രിസാധനങ്ങൾ വാങ്ങാൻ വീടുകളിൽ വരുന്നവർക്ക് വെറുതേ കൊടുത്തിരുന്നിടത്തുനിന്ന് ചിരട്ട കിലോയ്ക്ക് 20 രൂപവരെ കിട്ടുന്ന അവസ്ഥയായി. വാങ്ങുന്ന ചിരട്ട തമിഴ്‌നാട്ടിൽനിന്നെത്തുന്ന ഏജന്റിന് 28 രൂപയ്ക്കാണ് കൊടുക്കുന്നതെന്ന് കൊല്ലത്ത് ചിരട്ടവ്യാപാരം നടത്തുന്ന മണലിൽ സുബൈർ പറയുന്നു. നേരത്തേ 32 രൂപ കിട്ടുമായിരുന്നു. വടക്കൻ കേരളത്തിൽ 33 രൂപവരെ വിലവന്നിരുന്നു. ഇപ്പോൾ വില അല്പം കുറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

ശരാശരി എട്ട് തേങ്ങയുടെ ചിരട്ടയുണ്ടെങ്കിൽ ഒരുകിലോ തൂക്കം കിട്ടും. ഇത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്കാണ് കൊണ്ടുപോകുന്നത്. അവിടെനിന്ന്‌ ചിരട്ടക്കരിയായി ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് തമിഴ്‌നാട്ടിൽനിന്ന്‌ ചിരട്ട വാങ്ങാനെത്തുന്ന ഏജന്റ് പറയുന്നു. ചിരട്ടയുണ്ടോ എന്നു മൈക്കിൽ വിളിച്ചുചോദിച്ചുകൊണ്ടു പോകുന്ന വണ്ടികളും ഇപ്പോൾ ഗ്രാമാന്തരങ്ങളിലെ സ്ഥിരംകാഴ്ചയായി മാറിയിരിക്കുന്നു.

ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ടക്കരി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ചിരട്ടയ്ക്ക് ഡിമാൻഡ് വന്നത്. വായുസമ്പർക്കമില്ലാത്ത സാധാരണ തടികളിൽ 10 മുതൽ 15 ശതമാനംവരെ ജലാംശമുണ്ടാകും. എന്നാൽ വിളഞ്ഞ ചിരട്ടയിൽ ആറുമുതൽ ഒൻപതുശതമാനം മാത്രമേ ജലാംശമുള്ളൂ. അതുകൊണ്ടുതന്നെ ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിന് ചിരട്ടക്കരിയാണ് നല്ലതെന്ന് പറയുന്നു.

ചിരട്ട നിയന്ത്രിതമായി കത്തിച്ച് കരിയാക്കുകയാണ് ചെയ്യുന്നത്. അത് നീരാവിയുപയോഗിച്ച് ഉത്തേജിപ്പിച്ച് ആക്ടിവേറ്റഡ് കാർബൺ ഉണ്ടാക്കുന്നു. ഭക്ഷ്യ എണ്ണയും കുടിവെള്ളവും ശുദ്ധീകരിക്കാനും ഓട്ടോമൊബൈൽ കാർബൺ ഫിൽട്ടേഴ്‌സ്, സിഗരറ്റ് ഫിൽട്ടേഴ്‌സ് എന്നിവയിലും ശീതളപാനീയ പായ്ക്കിങ്ങുകളിലും ഉപയോഗിക്കുന്നു. ക്ലോറിൻ, ഓസോൺ തുടങ്ങിയ ഓക്സീകാരകങ്ങളെ നീക്കംചെയ്യാനും ആക്ടിവേറ്റഡ് കാർബൺ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ നേരം കത്തും, പുക കുറവാണ് എന്നതും ചിരട്ടയെ വ്യാവസായിക സൗഹൃദമാക്കുന്നു. ആഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്വർണഖനന സ്ഥാപനങ്ങളും ആക്ടിവേറ്റഡ് കാർബൺ ഇറക്കുമതി ചെയ്യുന്നുണ്ട്.

Content Highlights: Coconut shell prices have increased to ₹20/kg in Kollam