ഏലം വില താഴേക്ക്; ചങ്കിടിച്ച് കര്‍ഷകര്‍

കട്ടപ്പന: കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ഹൈറേഞ്ചില്‍ മലഞ്ചരക്ക് വിപണി ഉണര്‍ന്നെങ്കിലും ഏലം വില താഴ്ന്നത് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയായി. ഉണങ്ങിയ ഏലക്കായയും പച്ചക്കായയും മഴയ്ക്കുശേഷം വന്‍ തോതില്‍ വിപണിയിലേക്ക് എത്തി.ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഉണങ്ങിയ ഏലക്കായ സൂക്ഷിച്ചുവെച്ചാല്‍ ഗുണനിലവാരം കുറയുമെന്നതും മികച്ച മഴ ലഭിച്ചതിനാല്‍ അടുത്ത വിളവെടുപ്പുകാലത്ത് മികച്ച വിളവ് ഏലത്തിന് ലഭിക്കുമെന്ന പ്രതീക്ഷയും വിപണിയിലേക്ക് കൂടുതല്‍ ഏലക്കായ എത്താന്‍ കാരണമായി. ഇതാണ് വില കുറയാനുള്ള കാരണമായി വ്യാപാരികള്‍ പറയുന്നത്.സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന ഇ- ലേലത്തില്‍ ഗുണനിലവാരമുള്ള എലയ്ക്കായ്ക്ക് 1500 രൂപ വരെ വില ലഭിച്ചിരുന്നു. കട്ടപ്പന കമ്പോളത്തില്‍ ശരാശരി 1200 രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചു. എന്നാല്‍ ബുധനാഴ്ച നടന്ന ഇ- ലേലത്തില്‍ 1200 രൂപയ്ക്ക് താഴെയായി വില.
കട്ടപ്പന കമ്പോളത്തില്‍ ശരാശരി വില 900 രൂപയായി താഴ്ന്നു. ഇത് ദീപാവലി സീസണ്‍ ലക്ഷ്യമിട്ട് ഏലയ്ക്ക സംഭരിച്ച വ്യാപാരികള്‍ക്കും നഷ്ടമുണ്ടാക്കി.
ഹൈറേഞ്ചില്‍ പ്രധാനമായും കുമളി, കട്ടപ്പന കമ്പോളത്തിലാണ് ഏലം വ്യാപാരം കൂടുതലായി നടക്കുന്നത്. മൊത്തവ്യാപാരികള്‍ ഇവിടെനിന്ന് നേരിട്ട് കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. ഉത്തരേന്ത്യയിലെ വിവിധ സുഗന്ധദ്രവ്യനിര്‍മ്മാണ കമ്പനികളും ജില്ലയില്‍നിന്ന് ഏലക്കായ ശേഖരിക്കുന്നുണ്ട്. ചരക്കുസേവന നികുതി നിലവില്‍വന്നത് ആഭ്യന്തരവിപണിയില്‍ വ്യാപാരം കുറയാന്‍ ഇടയാക്കിയെന്ന് മൊത്തവ്യാപാരികളും പറയുന്നു. വില വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഏലക്കായ ഉണക്കി സൂക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് വന്‍കിട ഏലം കര്‍ഷകര്‍.


VIEW ON mathrubhumi.com