കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യും ഗവേഷണവും വിദ്യാഭ്യാസവും നവീകരിക്കും

ന്യൂഡൽഹി: കാർഷിക ഗവേഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിനും കാർഷികമേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും അടക്കമുള്ള പദ്ധതികൾക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. സംസ്ഥാന-തദ്ദേശ സർക്കാരുകളുടെയും കാർഷിക മേഖലയിലെ വിവിധ സംഘങ്ങളുടെയും സഹകരണത്തോടെയാവും പദ്ധതികൾ നടപ്പാക്കുകയെന്ന് മന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ച് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷൻ
കർഷകരുടെയും കാർഷിക ഭൂമിയുടെയും വില്ലേജ് തിരിച്ചുള്ള രജിസ്‌ട്രേഷൻ, വിള വിത രജിസ്റ്റർ, ഭൗമാന്തരീക്ഷ ഡേറ്റ, വരൾച്ച-വെള്ളപ്പൊക്ക നിരീക്ഷണം, കാലാവസ്ഥ-ഉപഗ്രഹ ഡേറ്റ, ഭൂഗർഭജല ലഭ്യത, മണ്ണിന്റെ സ്വഭാവം, ഇൻഷുറൻസ് തുടങ്ങി കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതാണ് ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷൻ. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കർഷകന് ഇതിലൂടെ ലഭിക്കും. നിർമിതബുദ്ധി (എ.ഐ.), ബിഗ് ഡേറ്റ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കും.
ഭക്ഷ്യ-പോഷണ സംരക്ഷണം
കാർഷിക ഗവേഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തൽ, സസ്യ ജനിതക വിഭവ മാനേജ്‌മെന്റ്, ഭക്ഷണത്തിനും തീറ്റപ്പുല്ലിനും ജനിതക നവീകരണം, പയർ-എണ്ണക്കുരു-വാണിജ്യ വിളകളുടെ മെച്ചപ്പെടുത്തൽ, പ്രാണികളെക്കുറിച്ചും സൂക്ഷ്മാണുക്കളെക്കുറിച്ചുമുള്ള ഗവേഷണം എന്നിവയെല്ലാം ഭക്ഷ്യ-പോഷണ സംരക്ഷണ വിഭാഗത്തിൽപ്പെടും.
കാർഷിക വിദ്യാഭ്യാസം ശക്തിപ്പെടുത്തൽ
കാർഷിക വിദ്യാർഥികളെയും ഗവേഷകരെയും നിലവിലുള്ള വെല്ലുവിളിക്ക് സജ്ജമാക്കുകയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രി റിസർച്ചിനുകീഴിൽ കാർഷിക വിദ്യാഭ്യാസം നവീകരിക്കുന്നതുമാണ് പദ്ധതി.
മൃഗാരോഗ്യ സംരക്ഷണം
കന്നുകാലികളിൽ നിന്നും പാലുത്പന്നങ്ങളിൽ നിന്നും വരുമാനം വർധിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതിയിൽ മൃഗാരോഗ്യ സംരക്ഷണവും വെറ്ററിനറി വിദ്യാഭ്യാസ നവീകരണവും ഉൾപ്പെടും.
സുസ്ഥിര ഹോർട്ടികൾച്ചർ മിഷൻ
കിഴങ്ങുകൾ, പച്ചക്കറികൾ, കൂൺ, ആരോമാറ്റിക് സസ്യങ്ങൾ തുടങ്ങി ഉഷ്ണമേഖല, ഉപ ഉഷ്ണമേഖല, മിതശീതോഷ്ണ മേഖലകളിലെ വിള പോഷണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
3,307 കോടിയുടെ സെമികണ്ടക്ടർ യൂണിറ്റിന് സർക്കാർ അനുമതി
ഗുജറാത്തിലെ സാനന്ദിൽ പ്രതിദിനം 63 ലക്ഷം സെമികണ്ടക്ടർ ചിപ്പുകൾ നിർമിക്കാനുള്ള 3307 കോടി ചെലവു വരുന്ന യൂണിറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 46 ഏക്കറിലാണ് കെയിൻസ് കമ്പനിയുടെ യൂണിറ്റ് വരുന്നതെന്നും ഉത്പാദനത്തിന്റെ വലിയ ഭാഗവും കെയിൻസിന് വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി, ഓട്ടോമൊബൈൽ, ഗൃഹോപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചിപ്പുകളും പ്ലാന്റിൽ നിർമിക്കും.
Content Highlights: Agriculture sector will be digitized