നെല്ലു സംഭരണം തീരുമാനമായില്ല; ഈര്‍പ്പം പരിശോധിക്കാന്‍ യന്ത്രം സ്ഥാപിക്കും

തിരുവനന്തപുരം: നെല്ലുകുത്താതെ വിട്ടുനില്‍ക്കുന്ന അരിമില്‍ ഉടമകളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്‌നങ്ങള്‍ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചശേഷം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മില്ലുടമകളെ അറിയിച്ചു.
ഒരു ക്വിന്റല്‍ നെല്ല് കുത്തുമ്പോള്‍ അരിയുടെ കുറവുവരുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നായിരുന്നു പ്രധാന ആവശ്യം. 100 കിലോ നെല്ല് കുത്തിയാല്‍ 68 കിലോ അരി കിട്ടണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ 64 കിലോ മാത്രമാണ് ലഭിക്കുന്നതെന്ന് മില്ലുടമകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മാത്രമായി തീരുമാനിക്കാനാകില്ല. കേന്ദ്രത്തെ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നെല്ലിന്റെ ഈര്‍പ്പം പരിശോധിക്കാന്‍ യന്ത്രം സ്ഥാപിക്കും. കൃഷി ഓഫീസറും തദ്ദേശ സ്ഥാപന മേധാവിയും ഉള്‍പ്പെട്ട പ്രാദേശികസമിതി നെല്ല് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. തരുന്ന നെല്ല് തന്നെയാണോ കുത്തി തിരികെതരുന്നതെന്നും ഉറപ്പാക്കും. നെല്ല് കുത്തിയെടുക്കുന്നതില്‍ തട്ടിപ്പ് അനുവദിക്കില്ല. അരിമില്ലുടമകളുടെ ഗോഡൗണും സപ്ലൈകോയുടെ ഗോഡൗണും പ്രത്യേകം പരിശോധിക്കും. മന്ത്രിമാരായ സുനില്‍കുമാര്‍, പി. തിലോത്തമന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് മില്ലുടമകളുടെ യോഗത്തില്‍ അവതരിപ്പിച്ചശേഷം അറിയിക്കാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ നാലു മില്ലുകാര്‍ നെല്ല് കുത്തിക്കൊടുക്കുന്നുണ്ട്.
സഹകരണ മേഖലയിലെ മില്ലുകളിലും നെല്ല് കുത്തിക്കൊടുക്കുന്നുണ്ട്. മില്ലുടമകള്‍ സര്‍ക്കാരുമായി ധാരണാപത്രം വച്ചാലേ ഇനി നെല്ല് കുത്തല്‍ തുടങ്ങാനാകുവെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.


VIEW ON mathrubhumi.com