പൂക്കളുടെ കുടമാറ്റം

By: വി.ടി.സന്തോഷ് കുമാര്‍
മഴ വിട്ടുമാറാന്‍ മടിച്ചതുകൊണ്ടാവണം, പാതിവിടര്‍ന്നതേയുള്ളൂ കാസിലെ പൂക്കള്‍. എന്നാലെന്താ? മല കയറിയെത്തുന്ന സഞ്ചാരികളുടെ മനം കവര്‍ന്ന് വര്‍ണക്കുട നിവര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു, പൂക്കളുടെ പീഠഭൂമി.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുകയാണ് സഹ്യാദ്രിയോടുചേര്‍ന്നുള്ള കാസ് പഠാര്‍. അതിന്റെ വരണ്ടുണങ്ങിക്കിടന്നിരുന്ന പാറപ്പുറത്താണ് മഴയേറ്റു മുളച്ചുപൊങ്ങിയ പുല്‍ച്ചെടികള്‍ പൂക്കളുടെ വസന്തം വിരിക്കുന്നത്. പലനിറങ്ങളില്‍, പല രൂപങ്ങളില്‍, പല ഭാവങ്ങളില്‍, ചക്രവാളത്തോളം പടര്‍ന്നുകിടക്കുകയാണാ പൂങ്കാവനം. കാശിത്തുമ്പപോലെ, പല നിറങ്ങളില്‍ പരന്നുകിടക്കുന്ന ഗുലാബി തെരഡയാണ് കാസിലിപ്പോള്‍ ഏറ്റവുംകൂടുതല്‍.
നാട്ടിലെ വയലുകളില്‍ കാണുന്ന കാക്കപ്പൂപോലെ നീലയും വെള്ളയും നിറത്തില്‍ പരന്നുകിടക്കുന്ന പൂക്കളുണ്ട് കൂടെ. സീതാശ്ര എന്നാണതിനെ ഇവിടത്തുകാര്‍ വിളിക്കുന്നത്. ഏഴുവര്‍ഷം കൂടുമ്പോള്‍ മാത്രം വിരിയുന്ന നീലക്കുറിഞ്ഞിയുടെ ബന്ധുക്കളായ ടോപ്ലി ഗാര്‍വി പൂക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ചുറ്റും പരവതാനി വിരിച്ചപോലെ ഏതൊക്കെയോ കുഞ്ഞുപൂക്കള്‍. അവയ്ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വെള്ളപ്പൂക്കള്‍ കാട്ടുമഞ്ഞളിന്റേതാണ്.
'നോക്കൂ.. ഈ മഞ്ഞപ്പൂക്കള്‍ രാവിലെ ഏഴുമണിക്ക് വിരിഞ്ഞതാണ്. പത്തുമണിയാവുമ്പോഴേക്ക് അവ കൂമ്പും. അക്കാണുന്ന പുല്‍ത്തകിടിയില്‍ അപ്പോഴേക്കും ചുവന്നപൂക്കള്‍ വിരിയും. അപ്പുറത്ത് വാടിനില്‍ക്കുന്നത് രാത്രിവിരിഞ്ഞ് നേരം വെളുക്കു മ്പാഴേക്ക് കൂമ്പുന്ന പൂക്കളാണ്'-വഴികാട്ടാനെത്തിയ വനംവകുപ്പ് ജീവനക്കാരന്‍ ഗോവിന്ദ് പറഞ്ഞു തന്നു.
ഇപ്പോള്‍ കാണുന്ന പല പൂച്ചെടികളും പതിനഞ്ച്, ഇരുപത് ദിവസം കൊണ്ട് അപ്രത്യക്ഷമാകും. അപ്പോഴേക്കും പുതിയ ചെടികള്‍ വളര്‍ന്നുപൊങ്ങി പൂവിടാന്‍ തുടങ്ങിയിട്ടുണ്ടാവും. രാവിലെ കാണുന്ന ദൃശ്യമായിരിക്കില്ല ഉച്ചയ്ക്ക്. ഇന്ന് കാണുന്ന കാസ് ആയിരിക്കില്ല രണ്ടാഴ്ചയ്ക്കുശേഷം.
അക്ഷരാര്‍ഥത്തില്‍ പൂക്കളുടെ കുടമാറ്റമാണിവിടെ നടക്കുന്നത്. മഹാരാഷ്ട്രയിലെ സതാറയിലാണ് യുനെസേ്കാ ലോക പൈതൃകസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടംനല്‍കിയ കാസ് പീഠഭൂമി. ചെങ്കുത്തായ കയറ്റം കഴിഞ്ഞെത്തുമ്പോള്‍ മുകളില്‍ പരന്നുകിടക്കുന്ന പീഠഭൂമിക്ക് 1792 ഹെക്ടര്‍ വിസ്തൃതിയുണ്ട്. കുറ്റിച്ചെടികളും പുല്‍വര്‍ഗങ്ങളും ഓര്‍ക്കിഡുകളും മറ്റുമായി 411 ഇനം സപുഷ്പ സസ്യങ്ങളുടെ കലവറയാണിത്. അതില്‍ 47 എണ്ണം വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ഇനങ്ങളാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടത്തെ സസ്യങ്ങള്‍ പൂവണിയുന്നത്. ആ സമയങ്ങളില്‍ കാസ് 'പൂക്കളുടെ പീഠഭൂമി' എന്നറിയപ്പെടുന്നു.
കാലവര്‍ഷം വരുമ്പോഴാണ് ഇവിടത്തെ ചെടികള്‍ തളിര്‍ക്കുന്നത്. മഴയുടെ ശക്തികുറഞ്ഞ് വെയിലുപരക്കുമ്പോള്‍ അവ പൂവിടാന്‍ തുടങ്ങും. ഇത്തവണ മഴ പതിവിലും നീണ്ടു. അതുകൊണ്ട് പൂക്കള്‍ മുഴുവന്‍ വിരിഞ്ഞിട്ടില്ല. സാധാരണ ജൂലായ് അവസാനം കാസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്. ഇത്തവണ സെപ്റ്റംബര്‍ ഒന്നിനാണ് തുറന്നത്. അപ്പോഴും ചെടികളുടെ 20 ശതമാനമേ പൂവിട്ടിരുന്നുള്ളൂ - ഗോവിന്ദ് പറഞ്ഞു.
ദസറയാവുമ്പോഴേക്കും പൂക്കള്‍ മുഴുവന്‍ വിരിയുമെന്നാണ് കരുതുന്നത്. പൂക്കള്‍ പലതും വിരിഞ്ഞിട്ടില്ലാത്തതുകൊണ്ട് ചിത്രങ്ങളില്‍ക്കണ്ട ദൃശ്യഭംഗി നേരില്‍ ലഭിച്ചില്ലെന്ന വിഷമമുണ്ട് സന്ദര്‍ശകരുടെ മുഖത്ത്. എങ്കിലും പലയിടങ്ങളിലായി പലയിനം പൂക്കള്‍ കണ്ടതിന്റെ സന്തോഷവുമുണ്ട്. 'ഓമനത്തം തുളുമ്പുന്ന ഈ കൗളപ്പുക്കളെ ഞങ്ങള്‍ മിക്കി മൗസ് എന്നാണ് വിളിക്കു ന്നത്'- സ്വര്‍ണനിറത്തില്‍ നടുക്ക് ചുവന്ന പൊട്ടുമായി നില്‍ക്കുന്ന പൂ ചൂണ്ടി ഗൗതം പറഞ്ഞു.
അതിനടുത്ത് വയലറ്റ് നിറത്തില്‍ സൂചികാഗ്രികളായി നില്‍ക്കുന്നത് തുള്‍സി മഞ്ജരി. പിന്നെ ആഭാലി, ബംബക്കു... എന്നിങ്ങനെ പല പേരുകളില്‍ പല നിറങ്ങളില്‍ പല പൂക്കള്‍. ഒറ്റനോട്ടത്തില്‍ കണ്ണില്‍പ്പെടാത്തത്രയും ചെറുതാണെങ്കിലും ഡ്രൈാസേറ ഇന്‍ഡിക്ക ആളൊരു ഭീകരനാണ്. ചെറുകീടങ്ങളെ തിന്നുന്ന മാംസഭുക്കാണത്. കീടക് ഭക്ഷി എന്നു വിളിക്കും.
കാട്ടുപൂക്കളുടെ വൈവിധ്യം ആസ്വദിക്കാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും കാസിലെത്തുന്നത്. ഹരിതഭൂമിയിലൂടെ, മലകള്‍ കയറിയും തുരങ്കങ്ങളിലൂടെ ഊളിയിട്ടുമാണ് മുംബൈയില്‍നിന്ന് സതാറയിലേക്കുള്ള റോഡുയാത്ര. പശ്ചിമഘട്ട മലനിരകളിലെ സുഖവാസകേന്ദ്രങ്ങളിലേക്കും മറാഠാ സാമ്രാജ്യത്തിന്റെ പ്രൗഢസ്മരണകള്‍ നിറയുന്ന വമ്പന്‍ കോട്ടകളിവേക്കുമുള്ള പാതയാണത്. പൂണെയില്‍ നിന്ന് 136 കിലോമീറ്ററുണുണ്ട് സതാറെയിലേക്ക്. എക്‌സ്പ്രസ് വേയും ബൈപാസും വഴി വന്നാല്‍ പൂമെ നഗരത്തില്‍ പ്രവേശിക്കാതെ ഗതാഗതകുരുക്ക് ഒഴിവാക്കി സതാറയിലെത്താം.
സതാറ നഗരത്തില്‍നിന്ന് 24 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പശ്ചിമഘട്ടത്തോടു ചേര്‍ന്ന് സമുദ്രനിരപ്പില്‍നിന്ന് 1213മീറ്റര്‍ ഉയരെയുള്ള കാസിലേക്ക്. 2012-ല്‍ യുനെസ്‌കോ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചതോടെയാണ് ഇങ്ങോട്ട് സഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചത്. അത്യപൂര്‍വമായ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണ മേര്‍പ്പെടുത്തേണ്ടിവന്നു. ഇപ്പോള്‍ ദിവസം പരമാവധി 8,000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മുതിര്‍ന്നവര്‍ക്ക് നൂറുരൂപയാണ് പ്രവേശന ഫീസ്. മുന്‍ കൂട്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പ്രവേശനം ലഭിക്കുക.


VIEW ON mathrubhumi.com