'പിഎച്ച്ഡിക്കാരനായ കർഷകൻ'; തിരുവനന്തപുരത്ത് വ്യത്യസ്ത കൃഷിരീതിയുമായി യുവാവ്

രാഹുൽ കൃഷിയിടത്തിൽ | Photo: Tito Suresh/Mathrubhumi
രാഹുൽ കൃഷിയിടത്തിൽ | Photo: Tito Suresh/Mathrubhumi

ബിരുദം, ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി, അധ്യാപകൻ.. ഒരു മിടുക്കനായ വിദ്യാർഥിയുടെ ജീവിതരേഖ പോകുന്ന പോക്കാണിത്. എന്നാൽ ഇതെല്ലാം നേടിയിട്ടും വഴി മാറിപ്പോകുന്ന ചിലരുണ്ട്. അവർക്ക് ഇച്ഛാശക്തിയുണ്ട്. ലക്ഷ്യബോധമുണ്ട്. ആവശ്യത്തിന് ആത്മവിശ്വാസവുമുണ്ട്. അവരിൽ ചിലരിൽനിന്ന് ചിലപ്പോൾ ഭാവിയുടെ പ്രത്യാശകൾക്ക് തിരി തെളിഞ്ഞേക്കാം.

പറഞ്ഞുവരുന്നത് രാഹുലിനെപ്പറ്റിയാണ്. തിരുവനന്തപുരം മണികണ്‌ഠേശ്വരം വേറ്റിക്കോണത്തുള്ള രാഹുൽ. തിരുവനന്തപുരം ആർട്‌സ് കോളേജിൽനിന്ന് ബികോം, എംകോം നേടി. വൈകാതെ എംഫിൽ. കേരള സർവ്വകലാശാലയിൽനിന്ന് പിഎച്ച്ഡി. വിഷയം കർഷക സംരംഭകരും കാർഷിക വികസനവും. അങ്ങനെ രാഹുൽ ഡോ. രാഹുലായി.

തൊഴിലില്ലാപ്പടയിൽ ചേർന്ന് എന്നെങ്കിലും വന്നുചേർന്നേക്കാവുന്ന കോളേജ് അധ്യാപക കുപ്പായത്തിനായി കാത്തിരിക്കാൻ രാഹുലിന് നേരം ഇല്ലായിരുന്നു. കാർഷിക മേഖലയെ കുറിച്ചുള്ള പഠനത്തിൽ രാഹുൽ ഒന്നു തിരിച്ചറിഞ്ഞു. വെള്ളത്തിൽ ഇറങ്ങാതെ പഠിക്കേണ്ടതല്ല നീന്തൽ.

ജിആർ നിവാസിലെ രവിയുടേയും ഗിരിജയുടേയും മകന് കൃഷി ചെയ്യാൻ വേണ്ട സ്ഥലമൊന്നും ഇല്ലായിരുന്നു. രാഹുൽ ചുറ്റും നോക്കി. തിരുവനന്തപുരം നഗരത്തിൽതന്നെ സ്ഥലം വേണ്ടത്രയുണ്ട്. ഒരാളും ഇല്ലാത്ത പുരയിടങ്ങൾ. കാടു പിടിച്ചു കിടക്കുന്ന മണ്ണ്. മതിലു കെട്ടി തിരിച്ച് തരിശിട്ടിരിക്കുന്ന ഭൂമി. ഡോ. രാഹുൽ തന്റെ ബിരുദങ്ങളുടെ ആലഭാരങ്ങളെ മാറ്റിവച്ചു. ഉടമസ്ഥരോട് ചോദിച്ചു. സ്ഥലം പാട്ടത്തിനെടുത്തു. പച്ചക്കറി കൃഷി ആരംഭിച്ചു

എല്ലാം അതീവരഹസ്യം

രാവിലെ നേരത്തേ കൃഷിയിടത്തിൽ എത്തും. വേണ്ട പണികളെല്ലാം ചെയ്യും. എന്നിട്ട് വേണം കുളിച്ച് വൃത്തിയായി കോളേജിൽ പോകാൻ. കൃഷിയാണ് എന്ന് ആരോടും പറയാൻ വയ്യ. പരിഹാസമാണ് കൂടുതൽ. പിഎച്ച്ഡി തിസീസ് എടുക്കേണ്ട സമയത്ത് മണ്ണും ചെളിയുമായി കെട്ടിമറിയുന്നോ? കോളേജിൽ ആർക്കും അറിയില്ല രാഹുലിന്റെ കൃഷി. ആരോടും പറഞ്ഞില്ലെന്നതാണ് നേര്.

കൃഷിഭവനിലേക്ക് നിറയെ സ്വപ്‌നങ്ങളുമായാണ് രാഹുൽ ചെന്നത്. വലിയ വലിയ സ്വപ്‌നങ്ങൾ, നിറച്ചും പ്രതീക്ഷ. ഇങ്ങനെ വരുന്ന ഒരുപാടു പേരെ കണ്ടിട്ടുണ്ട് അവർ. ആരംഭശൂരർ. ചിലരൊക്കെ ഉപദേശിച്ചു. 'നമുക്ക് പതുക്കെ തുടങ്ങാം. എല്ലാം ഒന്നിച്ചു വേണ്ട.' കാർഷികോപദേശങ്ങൾ രാഹുൽ സ്വീകരിച്ചു. വിത്തും വളവും കൃഷിയറിവുകളും ഏറ്റുവാങ്ങി. സംശയങ്ങൾ മടി കൂടാതെ ചോദിച്ചു. ഉദ്യോഗസ്ഥരോടും മറ്റ് കർഷകരോടും. സ്വന്തം സ്വപ്‌നങ്ങളിൽ വിട്ടുവീഴ്ച തരിമ്പും ചെയ്യാതെ തന്നെ.

പയറും വെണ്ടയും പറമ്പറിവുകളും

പാട്ടത്തിനെടുത്ത പുരയിടത്തിൽ രാഹുൽ കൃഷി തുടങ്ങി. 'കൃഷി എനിക്കിഷ്ടമായിരുന്നു. കാണാനും അറിയാനും ചെയ്യാനുമെല്ലാം ഇഷ്ടം. പക്ഷേ പഠിത്തവുമായി മുന്നോട്ടുപോയപ്പോൾ ഒന്നും കഴിഞ്ഞില്ല. എന്നാലും കാർഷിക സംരംഭകരുടെ പങ്കെന്ന വിഷയം പഠിക്കാൻ തുടങ്ങിയപ്പോൾ ആക്കുളത്ത് ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്തു. അവിടെ വള്ളിപ്പയറും സാലഡ് വെള്ളരിയുമാണ് ആദ്യം പരീക്ഷിച്ചത്. രണ്ടു ലക്ഷം രൂപയോളം ചെലവായി. ലേബർ കുറയ്ക്കാനായിരുന്നു ആദ്യ ശ്രമം. ഡ്രിപ് ഇറിഗേഷൻ അടക്കമുള്ള മാർഗ്ഗങ്ങൾ നടപ്പാക്കി. പേടിയുണ്ടായിരുന്നു. എന്നാലും ആദ്യ ശ്രമം തന്നെ ബ്രേക് ഈവണായി. കൈ പൊള്ളിയില്ല. രാവിലെ അഞ്ചു മണിക്ക് ഇറങ്ങും. കൃഷിയും വിപണനവും കഴിഞ്ഞ് പത്തുമണിയോടെ കോളേജിലെത്തണം. വീട്ടിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് കൃഷി. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചപ്പോൾ വീണ്ടും കൃഷി ഉദ്യോഗസ്ഥരെ കണ്ടു. അങ്ങനെ വീട്ടിനടുത്തു തന്നെയുള്ള സ്ഥലങ്ങൾ കണ്ടെത്തി. ഇപ്പോൾ പന്ത്രണ്ടേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.'

എല്ലാ ദിവസവും വിപണിയിലേക്ക് എ്‌തെങ്കിലും വിഭവവുമായി രാഹുൽ എത്തുന്നു. തിരുവനന്തപുരത്തെ സൂപ്പർ മാർക്കറ്റുകൾ തൊട്ട് ചെറിയ വിപണിവരെ. 'എന്നും എന്തെങ്കിലും എത്തിക്കാൻ കഴിയണം. എന്നാൽ മാത്രമേ മാർക്കറ്റിന് നമ്മളെ വിശ്വാസമുണ്ടാവൂ. കൊല്ലത്തിൽ നാലോ അഞ്ചോ തവണ എന്തെങ്കിലും വിഭവവുമായി ചെല്ലുന്നതു നഷ്ടമാണ്. ആ സമയത്തിനകം പുതിയ ആളുകൾ നമ്മുടെ ഇടം സ്വന്തമാക്കും. അത് പിന്നെ മറികടക്കാൻ ബുദ്ധിമുട്ടാവും. ഒന്നല്ലെങ്കിൽ ഒന്ന് എന്ന മട്ടിൽ എന്തെങ്കിലും സ്ഥിരമായി നൽകാൻ കഴിയണം. അത് എത്ര കുറഞ്ഞ അളവിലായാലും വേണം. പ്രത്യേകിച്ചും ഹൈപ്പർ മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലുമൊക്കെ. എന്നാലേ പിടിച്ചു നിൽക്കാനാവൂ.'

വെണ്ട, സാലഡ് വെള്ളരി, പയർ, കോവൽ എന്നിവ എല്ലാ ദിവസവും രാഹുൽ എത്തിക്കുന്നു. ഇതിനുവേണ്ടി പലയിടത്തായി വിളവെടുപ്പിനെ ക്രമീകരിച്ച് വിത്തിടും. ഒപ്പം വാളരിപ്പയർ, മത്തൻ, വെള്ളരി, പടവലം, പാവൽ എന്നിവയും ഉണ്ടാകും. ഒരു ദിവസം നൂറു കിലോ വെണ്ടയെങ്കിലും മാർക്കറ്റിലെത്തിക്കും. വെണ്ടയും സാലഡ് വെള്ളരിയും പയറും എന്നും മാർക്കറ്റിലെത്തിക്കും. ചെലവ് കുറവാണ്. റിസൾട്ട് ഉറപ്പാണ്. - രാഹുൽ ചിരിക്കുന്നു

ആനക്കൊമ്പൻ പകരുന്ന ആത്മവിശ്വാസം

വിത്തു ഗുണം പത്തു ഗുണം. എന്നാണ് ചൊല്ലു തന്നെ. ഹൈബ്രിഡ് വിത്തുകളുടെ കാലമാണിത്. അത് വിപണിയിൽനിന്ന് വേണ്ടത്ര കിട്ടുകയും ചെയ്യും. പക്ഷേ നല്ല വിത്ത് സ്വയം ഉണ്ടാക്കുന്നതാണ് രാഹുലിന്റെ രീതി. തിരുവനന്തപുരത്ത് മാത്രമുള്ള ആനക്കൊമ്പൻ വെണ്ടയാണ് രാഹുലിന്റെ സവിശേഷത. ചുവന്ന വലിയ കായ്കളാണ് ഇതിന്റെ പ്രത്യേകത. ഒരു വെണ്ടയ്ക്ക് 60 ഗ്രാംവരെ കിട്ടും.

'പണ്ട് വീട്ടിൽ കിട്ടിയിരുന്ന ഇനമാണിത്. തീയ്യലൊക്കെ വയ്ക്കുമ്പോൾ ഗംഭീര ടേസ്റ്റാണ്. സാധാരണ ഹൈബ്രിഡ് വെണ്ടയുടെ ഇരട്ടി വില കിട്ടും. അടിസ്ഥാനവില തന്നെ 75 രൂപയാണ്. ഇത് കൊമേഴ്‌സ്യലായി ചെയ്യണം. വർഷം മുഴുവൻ കിട്ടും എന്ന ഗുണമുണ്ട്. ഇത് പത്തെണ്ണം കണ്ടാൽ മനസ്സ് നിറയും. ഇത് കഴിക്കുന്നവർക്കും. കൂടുതൽ സംതൃപ്തി. ഇതിന്റെ വിത്തെടുത്താൽ ഗുണം തെല്ലും കുറയാതെ നല്ല വിളവുണ്ടാക്കാം. ഇപ്പോൾ ഇതിന്റെ ഹൈബ്രിഡ് വിത്ത് ഇല്ല എന്നതും മത്സരം കുറയ്ക്കുന്നുണ്ട്.' ഇതിന്റെ വിത്തുകളും രാഹുൽ വിപണിയിൽ എത്തിക്കുന്നു. അധ്വാനം കൂടുതലാണെങ്കിലും വിത്തു വിപണിയും മോശമല്ലെന്നാണ് രാഹുലിന്റെ അനുഭവം

പിക്ക് ഫ്രം ദ ഫാം

രാഹുലിന്റെ പുതിയ മാർഗ്ഗത്തിന് വരുംവർഷം മികച്ച പ്രതികരണമുണ്ടാക്കാം എന്നാണ് എല്ലാവരുടേയും പ്രതീക്ഷ. പിക്ക് ഫ്രം ദ ഫാം അഥവാ കൃഷിയിടത്തിൽ വന്ന് തിരഞ്ഞെടുക്കാം എന്ന രീതി വരുന്നതോടെ കൃഷിയും ആഭ്യന്തര ടൂറിസവും പുതിയൊരു വിധത്തിൽ കണ്ണിചേർക്കപ്പെടുകയാണ്. 'കടകളിലെ പച്ചക്കറികളിൽ വിഷമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതെല്ലാം എവിടെനിന്ന് വരുന്നു എന്നതിനെ പറ്റി ആർക്കും അറിയില്ലെന്നതാണ് അവസ്ഥ. പലരും കൃഷിയിടങ്ങൾ കണ്ടിട്ടേയില്ല. ഇതിന് പരിഹാരമായാണ് കൃഷിയിടത്തിലേക്കുള്ള ക്ഷണം. വന്നാൽ ഇഷ്ടമുള്ള പച്ചക്കറികൾ തിരഞ്ഞെടുക്കാം. ഇത് കൃഷിക്കും സഹായകമാവും' രാഹുൽ പറയുന്നു.

നഗരത്തിൽ തന്നെയുള്ള കൃഷിയിടങ്ങളിൽ ഇനി വരുന്ന വിളവുകൾ ഇങ്ങനെ കണ്ണും മനസ്സും നിറച്ച ശേഷമാവും അടുക്കളയിൽ രുചിപ്പെരുമ തീർക്കാനെത്തുന്നത്. വിഷരഹിതമായ പച്ചക്കറികൾ ആത്മവിശ്വാസത്തോടെ വാങ്ങിപ്പോകാമെന്നതാണ് ഇതിന്റെ മെച്ചം.

നഗരത്തിൽ മണ്ണൊരുക്കുമ്പോൾ

നഗരത്തിൽ തരിശുകിടക്കുന്ന പുരയിടങ്ങളിലാണ് രാഹുൽ പലപ്പോഴും കൃഷിയിറക്കുന്നത്. മണ്ണൊരുക്കലിൽ തൊട്ടേ തുടങ്ങണം ശ്രദ്ധയോടെയുള്ള ഇടപെടൽ. മൾച്ചിങ് നടത്തിയാണ് പച്ചക്കറികൾ നടുന്നത്. 'ഇങ്ങനെ ചെയ്യുമ്പോൾ അടിവളം നൽകുന്നതെല്ലാം ചെടികൾക്ക് തന്നെ കിട്ടും എന്ന് ഉറപ്പിക്കാം. വല്ലാതെ കള നിറയുന്നത് തീർത്തും ഒഴിവാക്കാനാവും. ഡ്രിപ് ഇറിഗേഷനാണ് ഉപയോഗിക്കുന്നത്. മണ്ണ് നന്നായി കിളച്ച് തടം ഉണ്ടാക്കണം. ചാണകം നന്നായി ഉണക്കി വളമാക്കുകയും വേണം. നല്ല മഴയുണ്ടെങ്കിൽ കോഴിവളം നൽകും. മത്തിക്കഷായമാണ് ഇപ്പോൾ ഏറ്റവും ഫലപ്രദമായി തോന്നുന്നത്. കൃത്യമായും ചിട്ടയോടേയും ശാസ്ത്രീയമായി വളം നൽകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ചിലപ്പോൾ വലിയ തിരിച്ചടി നേരിടേണ്ടി വരും- രാഹുലിന്റെ വാക്കുകൾ വിയർത്തു പഠിച്ച കാലങ്ങളിൽ സ്ഫുടം ചെയ്‌തെടുത്തതാണ്.

നഗരത്തിൽ നിങ്ങൾക്ക് കൃഷി ചെയ്യാൻ വയൽ കിട്ടില്ല. എന്നാൽ വയലിൽ ചെയ്യുന്ന എല്ലാ പച്ചക്കറികളും ഇവിടെയും ചെയ്യുന്നുണ്ട്. 'നാലു തരം മത്തനാണ് ഇവിടെ കൃഷി ചെയ്യുന്നത്. ചെറിയതും നീണ്ടതും നിറഭേദം ഉള്ളതുമായ ഇനങ്ങൾ വിപണിയിൽ എത്തിക്കുന്നു. ഒപ്പം കുമ്പളവും രണ്ടു തരത്തിലുണ്ട്. നെയ്ക്കുമ്പളവും സാധാരണ കുമ്പളവും. ചെറുതെങ്കിലും നെയ്ക്കുമ്പളങ്ങയ്ക്ക് ആവശ്യക്കാർ കൂടിവരികയാണ്. വെള്ളരിയും തണ്ണിമത്തനുമെല്ലാം നല്ല വിളവു നൽകുന്നു.- രാഹുൽ അഭിമാനിക്കുന്നു.

'മത്തൻ പ്രധാനമായും ഹൈബ്രിഡാണ്. മാർക്കറ്റിൽ ആവശ്യമുള്ളത് ഏതെന്ന് നോക്കണം. ആവശ്യക്കാർ പലതരത്തിലാണ്. എല്ലാം ഉണ്ടാക്കിയാലേ എല്ലാവർക്കും വേണ്ടത് കൊടുക്കാനാവൂ. വിപണിയെ മനസ്സിലാക്കി വേണം കൃഷി.' പന്തൽകൃഷിയിൽ കഴിഞ്ഞ വട്ടം പടവലമാണ് തിരിച്ചടി നൽകിയത്. കൗമുദിയാണ് പടർത്തിയത്. പക്ഷേ വിപണിയിൽ വിളവ് വേണ്ടത്ര വന്നു. അതിനാൽ വില കിട്ടിയില്ലെന്നായി. എല്ലാ കർഷകർക്കും സങ്കടം. പാവലിന് എല്ലാ കാലത്തും ആവശ്യക്കാരുണ്ട്. പക്ഷേ രോഗം കൂടുതലാണ്. കരുതൽ വേണം.

പണ്ട് ഉപയോഗിച്ചിരുന്ന പച്ചക്കറികളിലേക്ക് ആളുകൾ തിരിച്ചെത്തുന്നതാണ് പുതിയ പ്രവണത. വാളരിപ്പയറിന് ഡിമാൻഡ് കൂടുന്നത് ഈ വിധത്തിലാണ്. എത്രയുണ്ടെങ്കിലും തികയുന്നില്ല എന്നതാണ് പലപ്പോഴും അവസ്ഥ. ഇതിനൊപ്പം കോവലുംകൂടി നൽകുന്നു രാഹുൽ. അഞ്ചുവയസ്സായ മകൻ രൺവീറും ഭാര്യ അനുപ്രിയ കൃഷ്ണയും രാഹുലിനൊപ്പമുണ്ട്. അച്ഛനമ്മമാരുടെ സ്വപ്‌നങ്ങളെ തിരുത്തിയെഴുതി അഭിമാനത്തോടെ മുന്നോട്ടു പോകുന്നു രാഹുൽ. പുതിയ കാലത്ത് പുതിയ വിളകളിലൂടെ കടന്നുപോകുമ്പോൾ രാഹുൽ മുന്നോട്ടു വയ്ക്കുന്നത് വിയർപ്പിന്റെ തിളക്കമാണ്.